തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു.
പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു. വിവിധ സ്ഥലങ്ങളിൽ നിന്ന് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരും പെരുവഴിയിലായി. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പോലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.
അതേസമയം, ദേശീയ പണിമുടക്ക് സംസ്ഥാനത്ത് മിക്കയിടങ്ങളിലും ബന്ദിനു സമാനമായ കാഴ്ചയാണ്. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കോഴിക്കോട് സർവീസ് നടത്താൻ തയാറായ ബസ് കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായും പരാതിയുണ്ട്. ഇതോടെ, പോലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരത്തു പോലും ബസുകൾ ഓടിയില്ല. അതേസമയം, ഇടുക്കി ജില്ലയിൽ കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴയിൽ ജലഗതാഗത ബോട്ടുകളും പണിമുടക്കി.
കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
അതേസമയം, പശ്ചിമ ബംഗാളിലും പണിമുടക്ക് ശക്തമാണ്. ബിഹാറിലെ ജഹനാബാദിൽ ആർജെഡി പ്രവർത്തകർ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. എന്നാൽ, മറ്റു സംസ്ഥാനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല.
ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. ഡൽഹിയിൽ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ റാലിയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ജന്തർ മന്ദറിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ട്.