പ്ലാസ്റ്റിക് വിമുക്ത നഗരം: ആദ്യം താക്കീത് പിന്നീട് നടപടി

PKD-PLASTICചേര്‍ത്തല : ചേര്‍ത്തല നഗരത്തില്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന നിയമം പ്രാബല്യത്തിലായി. എന്നാല്‍ ആദ്യ കുറച്ചു ദിവസങ്ങളില്‍ താക്കീതും ബോധവല്‍ക്കരണവും നടത്തിയ ശേഷം മാത്രമേ കര്‍ശനമായ നടപടികളിലേക്കു നീങ്ങുകയുള്ളൂവെന്ന് നഗരസഭാധ്യക്ഷന്‍ ഐസക് മാടവന പറഞ്ഞു. നഗരത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കിറ്റുകളുടെ വില്‍പനയും ഉപയോഗവും ഇന്നലെ മുതല്‍ നിരോധിച്ച് ഉത്തരവിറങ്ങിയെങ്കിലും നടപ്പാക്കുന്നതു വൈകുകയാണ്. നിയമപ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പേരിലും ശിക്ഷാ നടപടിയുണ്ടാവും.

50 മൈക്രോണില്‍ കൂടുതലുള്ള കിറ്റുകള്‍ വില്‍പന നടത്തുന്നവര്‍ ഒരോ മാസവും നാലായിരം രൂപ വീതം അടച്ചു നഗരസഭയില്‍ നിന്നു ലൈസന്‍സ് എടുക്കണമെന്നാണു പുതിയ വ്യവസ്ഥ. നഗരസഭ സീല്‍ പതിച്ച കിറ്റുകള്‍ മാത്രമേ വില്‍ക്കാനും കഴിയൂ. എന്നാല്‍ ഇന്നലെയും കടകളില്‍ നിന്നു സാധാരണ പോലെ പ്ലാസ്റ്റിക് കിറ്റുകളിലാണു സാധനങ്ങള്‍ നല്‍കിയത്. മാത്രമല്ല നഗരസഭ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലും പച്ചക്കറി പ്ലാസ്റ്റിക് കിറ്റുകളിലാക്കി ഇന്നലെയും വില്‍പന നടന്നു.

അതേസമയം ചില കച്ചവട സ്ഥാപനങ്ങളില്‍ പേപ്പര്‍ ക്യാരിബാഗുകളും തുണി സഞ്ചികളും വില്‍പനയ്ക്കു വന്നിട്ടുണ്ട്. കുടുംബശ്രീയുമായി സഹകരിച്ചു നഗരത്തില്‍ ഇത്തരം സഞ്ചികള്‍ വ്യാപകമായി ലഭ്യമാക്കുവാനും നഗരസഭ നടപടി തുടങ്ങിയിട്ടുണ്ട്. സാധനം വാങ്ങുവാന്‍ വരുന്നവര്‍ സഞ്ചിയും കരുതണമെന്ന തരത്തില്‍ ബോധവല്‍ക്കരണം നടത്താനാണ് നഗരസഭയുടെ തീരുമാനം. നഗരസഭാ പരിധിയില്‍ പ്രവേശിക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും നിരോധനം ബാധകമാണ്. ഇതു ലംഘിച്ചാല്‍ 5,000 രൂപ വരെ പിഴ ഈടാക്കുമെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts