ലണ്ടന്‍: 2025 വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ആര്‍ക്കെന്ന് ഇന്നറിയാം. പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പറായ ഇഗ ഷ്യാങ്ടെക്കും കന്നി ഗ്രാന്സ്ലാം ഫൈനല്‍ കളിക്കുന്ന അമേരിക്കയുടെ അമന്‍ഡ അനിസിമോവയും തമ്മിലാണ് കിരീട പോരാട്ടം. ഇന്നു രാത്രി 8.30 നാണ് വനിതാ ഫൈനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
നേര്‍ക്കുനേര്‍ ആദ്യം
ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള അനിസിമോവയും നാലാമതുള്ള ഷ്യാങ്ടെക്കും പ്രഫഷണല്‍ ടെന്നീസില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം. 2016 ജൂണിയര്‍ ഫെഡ് കപ്പ് ഫൈനലിലാണ് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അന്ന് ഇഗയ്ക്കായിരുന്നു ജയം. ഇരുവരും വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത് ഇതാദ്യമാണ്. അനിസിമോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണിത്. അതേസമയം, നാല് ഫ്രഞ്ച് ഓപ്പണും ഒരു യുഎസ് ഓപ്പണും അടക്കം അഞ്ച് ഗ്രാന്സ്ലാം സിംഗിള്‍സ് ജേതാവാണ് ഇഗ ഷ്യാങ്ടെക്.
സെമിയില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയെ അട്ടിമറിച്ചാണ് (6-4, 4-6, 6-4) അമേരിക്കന്‍ താരമായ അനിസിമോവയുടെ വരവ്. സീഡില്ലാത്ത സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക്കിനെ ഏകപക്ഷീയമായി സെമിയില്‍ കീഴടക്കി (6-2, 6-0) ഇഗയും കിരീട പോരാട്ടത്തിനു ടിക്കറ്റെടുത്തു.