തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് മെമ്പറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണു വീടിനു സമീപത്തെ ഷെഡ്ഢില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്ത്തകന് കുടിയാണ് അരുണ്‍.
തന്നെ കള്ളക്കേസില്‍ കുടുക്കിയതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നും അതിനു കാരണക്കാര്‍ നാല് പേരാണെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് സുഹൃത്തുക്കള്‍ക്ക് വാട്ട്സ് ആപ്പിലൂടെ അയച്ചശേഷമായിരുന്നു ആത്മഹത്യയെന്നു പോലീസ് പറഞ്ഞു.ജാതി അധിക്ഷേപം നടത്തിയെന്ന കള്ളക്കേസും മോഷണ കേസിൽ പെടുത്തിയതും മാനസികമായി തകര്‍ത്തുവെന്നാണ് അരുണിന്റെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആത്മഹത്യാക്കുറിപ്പില്‍ നാലു പേരുടെ പേര് പരാമര്‍ശിക്കുന്നുണ്ട്.
വിനോദ്, സന്തോഷ്, അജയന്, ബിനി സത്യന് എന്നിവരാണു മരണത്തിന് ഉത്തരവാദികളെന്നാണ് കുറിപ്പില്‍ പറയുന്നത്.ഇദ്ദേഹത്തിന്റെ ഭാര്യ ഭിന്നശേഷിക്കാരിയാണ്. ഇവരുടെ കുഞ്ഞും ഭിന്നശേഷിക്കാരനാണ്. ഭാര്യയും കുട്ടിയും അവരുടെ വീട്ടിലാണു താമസിക്കുന്നത്. വ്യാജ പരാതികള്‍ നല്‍കിയതിന്റെ പേരില്‍ അരുണിനെതിരേ കേസ് നിലവിലുണ്ട്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമീപത്തെ വാര്‍ഡില്‍ അരുണ്‍ മത്സരിക്കുമെന്ന ആശങ്കയില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ അരുണിനെ നിരന്തരം വേട്ടയാടിയിരുന്നുവെന്നു സുഹൃത്തുക്കള്‍ ആരോപിക്കുന്നു.കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.