കൊല്ലം: സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകൾ ഇനി പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിലാക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും (എൻജിനുകൾ) സിസിടിവി കാമറകൾ സ്ഥാപിക്കാൻ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി.
ഓരോ കോച്ചിലും നാല് ഡോം – ടൈപ്പ് സിസിടിവി കാമറകൾ, ഓരോ പ്രവേശന വഴിയിലും രണ്ട് കാമറകൾ, ഓരോ എൻജിനിലും ആറ് കാമറകൾ എന്നിങ്ങനെ സ്ഥാപിക്കാനാണു റെയിൽവേയുടെ പദ്ധതി.എൻജിനുകളിൽ മുന്നിലും പിന്നിലും ഇരുവശങ്ങളിലും ഓരോ കാമറ ഉൾപ്പെടുത്തും. ഇതുകൂടാതെ എൻജിൻ കാബിനുകളിൽ മുന്നിലും പിന്നിലും ഒരു ഡോം സിസിടിവി കാമറയും രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും.
ഏറ്റവും പുതിയ സ്പെസിഫിക്കേഷനുകൾ ഉള്ളതും ഉന്നത ഗുണനിലവാര സർട്ടിഫിക്കേഷനും ഉള്ള കാമറകളാണു സ്ഥാപിക്കാൻ പോകുന്നത്.മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോഴും വെളിച്ചക്കുറവുള്ള കാലാവസ്ഥയിലും ട്രെയിനുകളുടെ ഉയർന്ന നിലവാരമുള്ള കൃത്യതയാർന്ന ദൃശ്യങ്ങൾ ഉറപ്പാക്കണമെന്നും റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യാ എഐ മിഷനുമായി സഹകരിച്ച് സിസിടിവി കാമറ ഡേറ്റകൾ വിശകലനം ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതു പര്യവേക്ഷണം ചെയ്യാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.നോർത്തേൺ റെയിൽവേയിൽ കോച്ചുകളിലും എൻജിനുകളിലും കാമറകൾ പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിച്ചതു വിജയകരമായതിനാലാണു രാജ്യത്ത് എല്ലായിടത്തും ഇത് വ്യാപിപ്പിക്കാൻ റെയിൽ മന്ത്രാലയം തീരുമാനമെടുത്തത്.
- സ്വന്തം ലേഖകൻ