തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള താരമാണു ശ്രുതി ഹാസന്. അഭിനയത്തിനു പുറമേ ഗായിക എന്ന നിലയിലും താരം പ്രശസ്തി നേടിയിട്ടുണ്ട്. ഉലകനായകൻ കമൽഹാസന്റെ മകൾ എന്ന ലോബലിലാണ് സിനിമയിലെത്തിയതെങ്കിലും അവിടെ സ്വന്തം കഴിവിലൂടെ തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണു ശ്രുതി.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുളള തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണു നടി. യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയ്ക്കു നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“വിവാഹം എന്ന ആശയം എന്നെ ഭയപ്പെടുത്തുന്നു. അതു പറയുന്നതില്‍ എനിക്ക് ഒരു ഭയവുമില്ല. എന്നെ ഞാനെന്ന വ്യക്തിയാക്കാന് എന്റെ ജീവിതത്തില്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു കടലാസില്‍ അത് ഒട്ടിക്കുക എന്ന ആശയം എനിക്കു ഭയാനകമായി തോന്നുന്നു.
പക്ഷേ, ഞാന്‍ പ്രതിബദ്ധതയിലും ആത്മാര്‍ഥതയിലും വിവാഹം പ്രതിനിധീകരിക്കേണ്ട എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു. എനിക്കതു സ്വന്തമായി ചെയ്യാന്‍ കഴിയും. എനിക്ക് ഒരു കടലാസുകഷണം ആവശ്യമില്ല-ശ്രുതി പറഞ്ഞു. ഞാന്‍ നിലവില്‍ ആരുമായും ഡേറ്റിംഗ് നടത്തുന്നില്ല, ഇപ്പോള്‍ ഞാന്‍ എന്നെത്തന്നെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ”- അവര്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും താരം സംസാരിച്ചു. “എനിക്ക് എപ്പോഴും അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഒരു കുട്ടിക്ക് അച്ഛനും അമ്മയും പ്രധാനമായതിനാല്‍ ഞാന്‍ ഒരിക്കലും സിംഗിള്‍ അമ്മയാകാന്‍ ആഗ്രഹിച്ചിട്ടില്ല.” ഒരു കുട്ടിക്ക് ഇരുവരും ഒരുമിച്ചുളളതാണു നല്ലതെന്നും താരം വ്യക്തമാക്കി.
നേരത്തെ ഡൂഡിൽ ആർട്ടിസ്റ്റും ഡൽഹി സ്വദേശിയുമായ ശന്തനു ഹസാരിക എന്ന യുവാവുമായി ശ്രുതി ഡേറ്റിംഗിലാണ്, ഇവർ ഉടൻ വിവാഹിതരാകും എന്നൊക്കെ വാർത്തകൾ വന്നിരുന്നു. ഇവർ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ വൈകാതെ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയാണു കേട്ടത്.