കോട്ടയം: സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പലചരക്കുസാധനങ്ങളും ന്യായവിലയില്‍ ഗ്രാമപ്രദേശങ്ങളില്‍ എത്തിച്ചിരുന്ന ത്രിവേണി മൊബൈല്‍ വാഹന യൂണിറ്റുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ നിലച്ചു. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂണിറ്റുകളാണു ഏറ്റവുമൊടുവില്‍ പൂട്ടിയത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ കോട്ടയം പുത്തനങ്ങാടി ഗോഡൗണിനുസമീപം മൊബൈല്‍ യൂണിറ്റിന്റെ അഞ്ചു വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇവിടെ അധികൃതര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉത്പന്നങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വാഹനത്തില്‍ എത്തിക്കുന്ന പദ്ധതിയാണിത്.
മലയോര മേഖലകള്‍ക്കും പടിഞ്ഞാറന്‍ മേഖലകള്‍ക്കും ഒരേപോലെ പ്രയോജനമായിരുന്നു മൊബൈല്‍ യൂണിറ്റുകള്‍. ചെറിയ ഇടവഴികളില്‍കൂടി പോലും പോകാവുന്ന വിധത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. നിശ്ചിത റൂട്ടുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാധനങ്ങളുമായി വാഹനങ്ങള്‍ എത്തിയിരുന്നു. മഴക്കാലത്ത് അടക്കം ത്രിവേണിയുടെ വാഹനത്തിലുള്ള കച്ചവടം ഏറെ ഉപകരിച്ചുവെന്നു മലയോര വാസികളും പടിഞ്ഞാറന്‍ നിവാസികളും പറയുന്നു.
മലയോര മേഖലയില്‍ പലരും കിലോമീറ്ററുകള്‍ നടന്നും വാഹനങ്ങളിലുമെത്തിയാണ് കണ്‍സ്യൂമര്‍ ഫെഡ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. പടിഞ്ഞാറന്‍ മേഖലയിലും ഇതേ അവസ്ഥയായിരുന്നു. തീരപ്രദേശങ്ങളിലുള്ളവര്ക്കായി ഫ്ളോട്ടിംഗ് ത്രിവേണി സൂപ്പര്‍ സ്റ്റോറും പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനം നിലച്ചതോടെ കാഞ്ഞിരം ജെട്ടിയുടെ ഒരു ഭാഗത്താണ് ബോട്ട് സൂക്ഷിച്ചിരുന്നത്. സംരക്ഷണം ഇല്ലാതായതോടെ ബോട്ടില്‍ വെള്ളം കയറി പകുതിയും മുങ്ങി.
അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. 50 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഫ്ളോട്ടിംഗ് സ്റ്റോറിനു 10,000 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഉണ്ടായിരുന്നത്. പൊതുഅവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസങ്ങളിലും ഉള്‍നാടന്‍ ജലഗതാഗത സര്‍വീസിന്റെ മാതൃകയില്‍ പ്രധാന ബോട്ട് ജെട്ടികളില്‍ സൂപ്പര്‍ സ്റ്റോര്‍ പാര്‍ക്ക് ചെയ്തിരുന്നു.
പലചരക്കു സാധനങ്ങള്‍ക്കു പുറമേ പഴം, പച്ചക്കറി വില്പനയും ഉണ്ടായിരുന്നു. സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.