മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ, ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് എന്ന റിക്കാര്‍ഡിലേക്കുള്ള വഴിയില്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി (150) നേടിയ റൂട്ട്, റണ്‍ വേട്ടയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തെത്തി.
ഇന്നലെ 120 റണ്‍സില്‍ എത്തിയതോടെ രാഹുല്‍ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിംഗ് എന്നിവരെ പിന്തള്ളിയാണ് ജോ റൂട്ട് ഒറ്റയടിച്ച് രണ്ടാം സ്ഥാനത്തെത്തിയത്.
സച്ചിനടുത്തേക്കൊരു റൂട്ട്
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ (15921) റിക്കാര്‍ഡ് അപ്രാപ്യമല്ലെന്നു സൂചിപ്പിച്ചായിരുന്നു ജോ റൂട്ടിന്റെ സെഞ്ചുറി. 200 ടെസ്റ്റിലെ 329 ഇന്നിംഗ്സിലാണ് സച്ചിന് ഇത്രയും റണ്‍സ് നേടിയത്. 157-ാം ടെസ്റ്റ് കളിക്കുന്ന റൂട്ട് ഇതുവരെ 286 ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തു.
ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാംദിനമായ ഇന്നലെ കരിയറിലെ 38-ാം സെഞ്ചുറിയാണ് റൂട്ട് കുറിച്ചത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റിക്കാര്‍ഡില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്ക് ഒപ്പവും റൂട്ട് എത്തി. സച്ചിന് (50), ജാക് കാലിസ് (45), റിക്കി പോണ്ടിംഗ് (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറി കണക്കില്‍ ഇനി റൂട്ടിനു മുന്നിലുള്ളത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358ന് എതിരേ, രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തിയത്. 20 റണ്‍സുമായി ഒല്ലി പോപ്പും 11 റണ്‍സുമായി ജോ റൂട്ടുമായിരുന്നു ക്രീസില്‍.
റൂട്ടും പോപ്പും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 144 റണ്‍സ് പിറന്നു. 128 പന്തില്‍ 71 റണ്‍സ് നേടിയ പോപ്പിനെ വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കി. തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിനെയും (3) പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് ആശ്വാസമേകി.
248 പന്തിൽ 14 ഫോറിന്റെ സഹായത്തോടെ 150 റൺസ് നേടിയാണ് ജോ റൂട്ട് മടങ്ങിയത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ചേർന്ന് അഞ്ചാംവിക്കറ്റിൽ അഭേദ്യമായ 142 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 66 റൺസ് നേടിയ സ്റ്റോക്സ് റിട്ടയേർഡ് ഹർട്ടായാണ് ക്രീസ് വിട്ടത്.
സ്കോർ 491ൽ നിൽക്കുന്പോൾ റിട്ടയേർഡ് ഹർട്ടായ സ്റ്റോക്സ്, ക്രിസ് വോക്സ് (4) ഏഴാം വിക്കറ്റായി പുറത്തായതോടെ വീണ്ടും ക്രീസിലെത്തി. മൂന്നാംദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 544/7 എന്ന നിലയിലാണ്. ആതിഥേയർക്ക് ഒന്നാം ഇന്നിംഗ്സിൽ 186 റണ്‍സ് ലീഡായി. മൂന്നാം ദിനമായ ഇന്നലെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 319 റണ്‍സ് നേടി. സ്റ്റോക്സും (77) ലിയാം ഡൗസനുമാണ് (21) ക്രീസിൽ.