ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരെന്ന് ഓഗസ്റ്റ് ഒന്നിനറിയാം. ഇന്ത്യൻ മുൻ താരം ഖാലിദ് ജമീൽ, ഇംഗ്ലീഷ് പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ, കിർഗിസ്ഥാൻ പരിശീലകൻ സ്റ്റീഫൻ തർക്കോവിച്ച് എന്നീ മൂന്നു പേരാണ് അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്.
170 പേരുടെ അപേക്ഷയിൽനിന്ന് 20 പേരുടെ ചുരുക്കപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. പിന്നീട് ഇന്ത്യൻ മുൻതാരം ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള സംഘം അവസാന മൂന്നു പേരുടെ പട്ടിക തയാറാക്കുകയായിരുന്നു.
മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുകയെന്ന ഒറ്റ അജണ്ടയോടെ ഓഗസ്റ്റ് ഒന്നിന് അടിയന്തര യോഗം ചേരും. മനോളോ മാർക്വേസ് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ജൂലൈ രണ്ടു മുതൽ ഇന്ത്യൻ ടീമിന് പരിശീലകനില്ലായിരുന്നു.
സ്റ്റീഫൻ കോണ്സ്റ്റന്റൈൻ
ഇന്ത്യൻ ഫുട്ബോളിൽ സുപരിചിതമായ പേരാണ് ലണ്ടൻ സ്വദേശിയും 62കാരനുമായ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ. മുന്പ് രണ്ടു തവണ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. ഫിഫ റാങ്കിംഗിൽ 173ൽ നിന്ന് 97 ലേക്ക് ഇന്ത്യൻ ടീമിനെ എത്തിച്ചിരുന്നു.
മുൻ കളിക്കാരനായ കോണ്സ്റ്റന്റൈൻ 26-ാം വയസിൽ കാൽ പാദത്തിനേറ്റ പരിക്കിനെത്തുടർന്ന് ഗ്രൗണ്ടിനോട് വിടപറഞ്ഞു. പിന്നീട് പരിശീലക വേഷത്തിലാണ്.
ഐഎസ്എൽ പ്ലേഓഫിൽ ഒരു ടീമിനെ എത്തിച്ച ആദ്യ ഇന്ത്യൻ പരിശീലകനാണ് 48കാരൻ ഖാലിദ് ജമീൽ. കഴിഞ്ഞ സീസണിൽ ഐസ്വാളിനെ ഐ-ലീഗ് കിരീടത്തിലേക്കും ജാംഷഡ്പൂർ എഫ്സിയെ ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനലിലേക്കും സൂപ്പർ കപ്പ് ഫൈനലിലേക്കും എത്തിച്ചു. നിലവിൽ ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പൂരിന്റെ മുഖ്യ പരിശീലകനാണ്.
സ്റ്റെഫാന് തര്ക്കോവിച്ച്
യുവേഫ യൂറോ 2020ൽ സ്ലോവാക്യയെ പരിശീലിപ്പിച്ച സസ്റ്റെഫാന് തര്ക്കോവിച്ച് രാജ്യാന്തര പരിചയസന്പത്തുള്ള പരിശീകനാണ്. സ്ലൊവാക്കിയ സ്വദേശിയായ 52കാരൻ നിലവിൽ കിർഗിസ്ഥാൻ ടീമിന്റെ പരിശീലകനാണ്.
ടീമിന്റെ അവസ്ഥ മോശം
നിലവിൽ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ ഗ്രൂപ്പ് സിയിൽ ഏറ്റവും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശുമായുള്ള സമനിലയും ഹോങ്കോംഗിനോടുള്ള തോൽവിയും തിരിച്ചടിയായി.
ഒക്ടോബർ ഒന്പതിന് പട്ടികയിലെ ടോപ്പർമാരായ സിംഗപ്പൂരിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.