ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രതിഭാശാലിയും പ്രശസ്തനും ജനപ്രിയനുമായ അനശ്വരഗായകൻ മുഹമ്മദ് റാഫിയുടെ ഓർമകൾക്ക് ഇന്ന് 45 വർഷം. ഹാജി അലി മുഹമ്മദിന്റെയും അല്ലാഹ് റഖീ ബായിയുടെയും അഞ്ചാമത്തെ മകനായി 1924 ഡിസംബർ 24ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ കോട്ല സുൽത്താൻ സിംഗ് എന്ന ഗാമത്തിലായിരുന്നു റാഫിയുടെ ജനനം. 1980 ജൂലൈ 31ന് ഹൃദയാഘാതത്തെത്തുടർന്ന് ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി ഈ ലോകത്തോടു വിടപറഞ്ഞു.
ഫീക്കോ എന്ന വിളിപ്പേരുള്ള റാഫി തന്റെ നാടായ കോട്ല സുൽത്താൻ സിംഗ് വീഥികളിൽ അലഞ്ഞുതിരിഞ്ഞ ഫക്കീറിന്റെ കീർത്തനങ്ങൾ അനുകരിച്ചു പാടുമായിരുന്നു. പ്രശസ്ത സംഗീതഞ്ജരായ ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, ഉസ്താദ് ഗുലാം അലി ഖാൻ എന്നിവരുടെ കീഴിലാണ് റാഫി ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്.
ഒരു ദിവസം റാഫിയും റാഫിയുടെ സഹോദരീഭർത്താവായ ഹമീദും സൈഗാളിന്റെ സംഗീതപരിപാടി കേൾക്കാൻ പോയി. വൈദ്യുതി തടസം കാരണം സൈഗാൾ അപ്പോൾ പാടാൻ തയാറായില്ല. അങ്ങനെ റാഫിക്ക് പാടാൻ അവസരം ലഭിച്ചു. അതാണ് റാഫിയുടെ ആദ്യ പൊതു സംഗീത പരിപാടി. ഇത് അദ്ദേഹത്തിന് വെറും 13 വയസായിരുന്നു പ്രായം.
1941-ൽ പഞ്ചാബി ചിത്രമായ ഗുൾ ബാലോച്ചിൽ സീനത്ത് ബീഗത്തിനൊപ്പം ഗൊരിയേ നീ, ഹീരിയേ നീ എന്ന ഗാനം ആലപിച്ചു. ഈ ഗാനത്തിന് സംഗീതം നൽകിയത് ശ്യാംസുന്ദറാണ്. 1944-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 1945ൽ പുറത്തിറങ്ങിയ ഗാവോം കീ ഗോറി എന്ന റാഫിയുടെ ആദ്യ ഹിന്ദി ചിത്രം. ശ്യാംസുന്ദർ സംഗീതം നൽകിയ ദിൽ ഹോ കാബു മേ… എന്ന യുഗ്മഗാനം റാഫി ജി.എം. ദുറാനിക്കൊപ്പമാണ് റാഫി ആലപിച്ചത്.
ആദ്യാകാലത്ത് റാഫിയെക്കൊണ്ടു പ്രസസ്ത സംഗീത സംവിധായകൻ നൗഷാദ് കോറസ് പാടിപ്പിച്ചിരുന്നു. 1944-ൽ പുറത്തിറങ്ങിയ പെഹ്ലേ ആപ് എന്ന ചിത്രത്തിലെ ഹിന്ദുസ്ഥാൻ കേ ഹം ഹേ… ആണ് നൗഷാദുമൊത്തുള്ള റാഫിയുടെ ആദ്യഗാനം. 1945ൽ പുറത്തിറങ്ങിയ ലൈലൈ മജ്നു എന്ന സിനിമയിലെ തേരാ ജൽവാ ജിസ് നേ ദേഖാ…, 1947ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന സിനിമയിലെ വോ ആപ്നി യാദ് ദിലാനെ കോ… എന്നീ ഗാനങ്ങളിൽ റാഫി അഭിനയിക്കുകയും ചെയ്തു.
1946ൽ പുറത്തിറങ്ങിയ ഷാജഹാൻ എന്ന ചിത്രത്തിലെ മേരേ സപ്നോം കി റാണി…, റൂഹി റൂഹി എന്നീ ഗാനങ്ങൾ സൈഗാളിനൊപ്പവും റാഫി പാടി.റാഫിയുടെ പിതാവ് 1935ൽ ലാഹോറിലേക്ക് താമസം മാറി. 1945ൽ റാഫി തന്റെ ബന്ധുവായ ബാഷിറയെ വിവാഹം കഴിച്ചു. എന്നാൽ ഇന്ത്യയിലേക്കു വരാൻ ബാഷിറ കൂട്ടാക്കിയില്ല. തന്മൂലം ബാഷിറയെ റാഫി ഉപേക്ഷിക്കുകയും ഇന്ത്യയിൽ നിന്നു ബിൽ ഖിസിനെ വിവാഹം കഴിക്കുകയും ചെയ്തു.
1949ൽ നൗഷാദ്, ശ്യംസുന്ദർ, ഹൂസ്നാലാൽ ഭഗത്രം തുടങ്ങിയ സംഗീതസംവിധായകർ റാഫിക്ക് ഒറ്റയ്ക്ക് ഗാനങ്ങൾ (സോളോ ഗാനങ്ങൾ) നൽകി. റാഫി എന്ന ഗായകന്റെ അസാമാന്യമായ കഴിവു തിരിച്ചറിഞ്ഞ സംഗീത സംവിധായകനായ ആഷാദ് തേരാ ഖിലേന തൂത്ത ബാലക്… എന്ന സോളോ ഗാനം ആലപിക്കാൻ റാഫിക്ക് അവസരം നൽകി. നൗഷാദ് അലിക്കു പുറമെ ശങ്കർ ജയ് കിഷൻ, ഒ.പി. നയ്യാർ, എസ്.ബി. ബർമൻ തുടങ്ങിയ സംഗീതസംവിധായകർക്കൊപ്പവും റാഫി പ്രവർത്തിച്ചു.
1977ൽ പുറത്തിറങ്ങിയ ഹം കിസി സേ കം നഹീം എന്ന ചിത്രത്തിലെ ക്യാ ഹുവാ തേരാ വാദാ…എന്ന ഗാനത്തിന് റാഫിക്ക് മികച്ച പിന്നണിഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. 1948ൽ റാഫിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു അദ്ദേഹത്തിന്റെ വസതിയിൽ പാടാൻ ക്ഷണിച്ചു. നെഹ്റുവിൽ നിന്നു റാഫിക്ക് വെള്ളി മെഡലും ലഭിച്ചു.
തേരേ മേരേ സപ്നേ…, യേ ദുനിയ, യേ മെഹഫിൽ…, ചൗധ്വീര കാ ചാന്ദ് ഹോ…, ഓ മേരി മെഹബൂബ…, മധു പമ്മെ രാധിക…, ചുരാലിയ ഹേ തുംനേ ജോ ദിൽ കോ…, ഓ ദുനിയാ കേ രഖ് വലേ…, പർദാ ഹേ പർദാ…, അകേലേ അകേലേ കഹാം ജാ രഹേ ഹേ…, തേരേ നാം കാ ദിവാന തേരാ ഘർകോ…, യാദ് ന ജായേ…, തൂ മേരേ സാംനേ ഹേ തേരി…, യഹാ മേ രാജ്നബി…, ബഹാരോ ഫൂൽ ബർസാവോ മേരാ മെഹ്ബൂബ് ആയാ ഹേ… തുടങ്ങിയവ റാഫിയുടെ പ്രശസ്തമായ ഗാനങ്ങളിൽ ചിലത് മാത്രമാണ്.
1967ൽ റാഫിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. 2001ൽ ഹീറോ ഹോണ്ടയും സ്റ്റാർഡസ്റ്റ് മാസികയും റാഫിയെ സഹസ്രാബ്ദത്തിലെ മികച്ച ഗായകൻ എന്ന ബഹുമതി നൽകി ആദരിച്ചു. 1961, 1962, 1965, 1967, 1978 വർഷങ്ങളിൽ മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയർ അവാർഡ് റാഫിക്കു ലഭിച്ചു.1957, 1965, 1966 വർഷങ്ങളിൽ ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡും 1964ൽ സുർ സിംഗർ അവാർഡും ലഭിച്ചു.
ഉറുദു, പഞ്ചാബി, ആസാമീസ്, ഒഡിയ, കൊങ്കണി, ബംഗാളി, മറാത്തി, കന്നഡ, സിന്ധി, തെലുങ്ക്. ഭോജ്പുരി, ഗുജറാത്തി, തമിഴ്, മൈഥിലി തുടങ്ങിയ ഭാഷകളിൽ റാഫി ഗാനങ്ങൾ ആലപിച്ചു. സംഗീതത്തിന്റെ സർവകലാശാല എന്നാണ് ഗായകൻ കെ.ജെ. യേശുദാസ് റാഫിയെ വിഷേഷിപ്പിച്ചത്.
തളിരിട്ട കിനാക്കൾ എന്ന മലയാളചിത്രത്തിൽ റാഫി ഒരു ഹിന്ദി ഗാനം ആലപിച്ചു. ആസ്പാസ് എന്ന ചിത്രത്തിലെ ശ്യാം ഫിർ ക്യൂൻ ഉദാസ് ഹെ ദോസ്ത്… എന്ന ഗാനമാണ് റാഫിയുടെ അവസാന ഗാനം. കാലം എത്ര കടന്നുപോയാലും ഒരു സംഗീതാസ്വാകനും റാഫിയെ മറക്കില്ല. സംഗീതമുള്ള കാലത്തോളം ഓരോ ആസ്വാദകമനസുകളിലും റാഫിയും അദ്ദേഹത്തിന്റെ മനോഹരഗാനങ്ങളും ഉണ്ടാകും.
- തയാറാക്കിയത്:
അജി വിനോദ്റോയ് സി.റ്റി