കൊല്ലം: അടുത്ത വർഷം അവസാനത്തോടെ 24 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം.24 കോച്ച് വേരിയന്റിന്റെ രൂപകൽപ്പന അന്തിമ ഘട്ടത്തിലാണ്. മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന ഈ വേരിയന്റ് ദീർഘദൂര റൂട്ടുകളിൽ പകൽ സർവീസായി വിന്യസിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
2026 അവസാനത്തോടെ ആദ്യത്തെ 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കും. ഇത്തരത്തിലുള്ള 50 ട്രെയിനുകൾ നിർമിക്കാനാണ് റെയിൽ മന്ത്രാലയം ഐസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ഇന്ത്യ നിർമിക്കുന്ന 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ നിന്ന് അൽപ്പം വ്യത്യസ്ഥമായിരിക്കും പുതിയ ട്രെയിനുകൾ.
നിലവിലുള്ള വന്ദേ ഭാരത് ചെയർ കാറിലും 16 കോച്ചുകളുള്ള സ്ലീപ്പറുകളിലും ഓരോ കോച്ചിലും രണ്ട് ടോയ്ലറ്റുകൾ വീതമാണുള്ളത്. എന്നാൽ പുതിയ 24 കോച്ചുള്ള ട്രെയിനുകളിൽ ഓരോ കോച്ചിലും നാല് ടോയ്ലറ്റുകൾ ഉണ്ടാകും. ആധുനിക മാതൃകയിലെ പാൻട്രി കാറും ഉൾപ്പെടുത്തും. പുതിയ ട്രെയിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിനും മറ്റ് ഉപകരണങ്ങൾക്കുമുള്ള ഓർഡറുകൾ ഇതിനകം നൽകി കഴിഞ്ഞു.
ഇതു കൂടാതെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ചരക്കുട്രെയിനുകളും ചെന്നൈ ഐസിഎഫിൽ നിർമിക്കും. ഈ വർഷം അവസാനത്തോടെ പ്രോട്ടോ ടൈപ്പും അടുത്ത വർഷം ആദ്യം ട്രെയിനും പുറത്തിറക്കാനാണു പദ്ധതി. രണ്ട് ട്രെയിനുകൾക്കുള്ള ഓർഡറും ഇതിനകം ലഭിച്ചുകഴിഞ്ഞു.
നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ചെയർ കാറുകളിൽ 88 എണ്ണം ചെന്നൈ ഐസിഎഫിൽ നിന്ന് പുറത്തിറക്കിയതാണ്. നാലെണ്ണം കൂടി നിർമാണം പൂർത്തിയാക്കി കഴിഞ്ഞു. 97 ചെയർ കാർ ട്രെയിനുകൾ നിർമിച്ച് നൽകാനാണ് ഐസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.ബാക്കിയുള്ള അഞ്ച് ട്രെയിനുകളുടെ നിർമാണം 2025-26 സാമ്പത്തിക വർഷം അവസാനത്തോടെ പൂർത്തിയാക്കി റെയിൽവേ ബോർഡിന് കൈമാറും.
- എസ്.ആർ. സുധീർ കുമാർ