പാലക്കാട്: പാലക്കാട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട പാലക്കാട് ഒലവക്കോട് സ്വദേശിനിയായ 46 കാരിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ബുധനാഴ്ച രാത്രിയിലാണ് അബോധാവസ്ഥയിലായ യുവതിയുമായി സുബയ്യൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബ്ബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ യുവതിയുടെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഒപ്പം ശരീരത്തിൽ മർദനമേറ്റ പാടുകളും കണ്ടെത്തി. തുടർന്ന് വിവരം ലഭിച്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബ്ബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇയാളിൽനിന്നു ലഭിച്ചില്ല. ഇതോടെയാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ തീരുമാനമായത്.
ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് സുബയ്യനെ പോലീസ് അറസ്റ്റുചെയ്തത്.
ഇയാളെ ഇന്ന് സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടുതല്‍ ചോദ്യംചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും. യുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുളളത്. ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നു പറയുന്ന പ്രദേശത്ത് പോലീസ് വിശദമായി പരിശോധന നടത്തി. മേഖലയിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ, യുവതിയെ ആക്രമിച്ചത് താൻ തന്നെയാണ് സുബ്ബയ്യൻ പോലീസിന് മൊഴി നൽകുകയായിരുന്നു.
ലൈംഗിക അതിക്രമത്തിനും കൊലപാതകത്തിലും ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സുബ്ബയ്യനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്.