ചങ്ങനാശേരി: വെരൂരിലുള്ള സ്കൂളിലെ എല്കെജി വിദ്യാര്ഥിയായ പിഞ്ചുകുട്ടിയെ ഉള്പ്പെടെ രണ്ടുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥീരികരിച്ചു. നായ ചത്തതോടെ തിരുവല്ല മഞ്ഞാടിയിലുള്ള ലാബില് പോസ്റ്റ് മോര്ട്ടം നടത്തിയപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതിനാണ് സ്കൂള് വളപ്പില്വച്ച് നാലുവയസുകാരനായ വിദ്യാര്ഥിക്ക് നായയുടെ അക്രമത്തില് പരിക്കേറ്റത്. കുട്ടി ശൗചാലയത്തില് പോയി തിരികെ വരുമ്പോള് നായ കടിക്കുകയായിരുന്നു. പേടിച്ചു നിലത്തുവീണ കുട്ടിയുടെ ദേഹത്തും ചെവിയിലും തലയിലും നായ വീണ്ടും കടിച്ചു.
നായ അക്രമിക്കുന്നതുകണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റര് തേജസ് ഓടിയെത്തി കുട്ടിയെ കോരിയെടുത്തപ്പോള് അവരെയും നായ ആക്രമിക്കാന് ശ്രമിച്ചു. മറ്റ് അധ്യാപകരും സ്കൂളില് കുട്ടികളുമായെത്തിയ മാതാപിതാക്കളും ബഹളം വച്ചപ്പോള് നായ വെരൂര് ലൈബ്രറി ഭാഗത്തേക്ക് ഓടിപ്പോയി.
ഗേറ്റ് ഭാഗത്തുവച്ച് രണ്ടു കുട്ടികളെ അക്രമിച്ചശേഷം നായ സ്റ്റാഫ് റൂമിലേക്ക് ആദ്യം ഓടിക്കയറിയിരുന്നു. അവിടെനിന്ന് ഓടിച്ചുവിട്ടപ്പോഴാണ് നാലുവയസുകാരനെ ആക്രമിച്ചത്.നായ അക്രമിച്ച മൂന്ന് കുട്ടികളെയും ഹെഡ്മിസ്ട്രസ് ഉള്പ്പെടെ മൂന്ന് അധ്യാപകരെയും ചങ്ങനാശേരി ജനറല് ആശുപത്രിയില് എത്തിച്ച് കുത്തിവയ്പ്പു നടത്തി. കൂടുതല് പരിക്കേറ്റ ചീരഞ്ചിറ സ്വദേശിയായ ആണ്കുട്ടിയെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലെ റാബിസ് ക്ലിനിക്കില് എത്തിച്ച് വിദഗ്ധ പരിശോധനയും കൗണ്സലിംഗും നടത്തി വിട്ടയച്ചു.
സ്കൂളിലെ ആക്രമണത്തിനുശേഷം വെരൂര് ലൈബ്രറി ഭാഗത്തേക്ക് ഓടിയ നായ അവിടെ തൊഴിലുറപ്പ് ജോലികള് ചെയ്തുകൊണ്ടിരുന്ന പുതുച്ചിറ മുട്ടുചിറമറ്റം തങ്കമ്മ കുമാര(53)നെയും കടിച്ചു. തങ്കമ്മയെയും ചങ്ങനാശേരി ജനറല് ആശുപത്രിയില് എത്തിച്ച് വാക്സിനേഷന് നടത്തി.

