ന്യൂഡൽഹി: കുളിമുറിയിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് 26കാരിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. 2023 മുതൽ പട്ടേൽ നഗറിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് റായ്ബറേലി സ്വദേശി റോഷ്നിയെയാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 26ന് വീട്ടുടമയും കുടുംബവും ഒരു പാർട്ടിക്ക് പുറത്തുപോയപ്പോൾ റോഷ്നി ഒറ്റയ്ക്ക് കുളിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചു. സാമൂഹിക അപകീർത്തി ഭയന്ന് കുഞ്ഞിനെ തുണികൊണ്ട് കഴുത്തുഞെരിച്ച് കൊന്നതായി അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കെട്ടിടത്തിന്റെ ചവറ്റുകൊട്ടയിൽ വലിച്ചെറിയുകയായിരുന്നു.
ജൂലൈ 28ന് വെസ്റ്റ് പട്ടേൽ നഗറിലെ ഒരു ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വെളുത്ത പ്ലാസ്റ്റിക് ബാഗിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പട്ടേൽ നഗർ പോലീസ് പറഞ്ഞു. കാമുകനിൽനിന്ന് ഗർഭിണിയായ യുവതി വിവരം കാമുകനെ അറിയിച്ചെങ്കിലും ഇയാൾ പിന്തുണച്ചിരുന്നില്ല. വയർ വീർക്കുന്നതിന് കാരണമായ രോഗാവസ്ഥ തനിക്കുണ്ടെന്ന് അവകാശപ്പെട്ടാണ് യുവതി തന്റെ ഗർഭം തൊഴിലുടയിൽനിന്ന് മറച്ചുവച്ചത്.