തിരുമാറാടി: കൂത്താട്ടുകുളം പൈനാപ്പിൾ ദുബായിലേക്ക്. മണ്ണത്തൂരിലെ കൃഷിയിടങ്ങളിൽനിന്നു നേരിട്ടു പച്ച പൈനാപ്പിൾ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് ആദ്യമായാണു കപ്പലിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്.
ആദ്യലോഡ് മണ്ണത്തൂരിൽനിന്നു കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ കീഴിൽ വരുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ടു. 20 ടണ്ണാണ് ആദ്യഘട്ടത്തിൽ കയറ്റിവിട്ടത്.
വിമാനത്തിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നതിന് വലിയ ചെലവാണ്. തന്നെയുമല്ല അധികം അളവിൽ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളിൽ കൂറ്റൻ കണ്ടെയ്നറുകളിൽ കൊണ്ടുപോകാനാകും.
ദീർഘസമയം യാത്രയുള്ളതിനാൽ 125 ദിവസമെത്തിയ പച്ച പൈനാപ്പിളാണു കയറ്റുമതി ചെയ്യുന്നത്. തൂക്കം നോക്കി പ്രത്യേകരീതിയിൽ പായ്ക്കു ചെയ്ത് കട്ടിക്കൂടുകളിൽ പ്രത്യേകം അറയ്ക്കുള്ളിലാക്കിയാണു കയറ്റുമതി ചെയ്തത്.

