പൊയിനാച്ചി(കാസർഗോഡ്): ഒന്പതുദിവസം മുമ്പ് ബസ് യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം ഉടമയുടെ വീട്ടുവരാന്തയിൽ തിരിച്ചെത്തി. പൊയിനാച്ചി പറമ്പിലെ റിട്ട. റവന്യു ഉദ്യോഗസ്ഥന് ദാമോദരന്റെ ഭാര്യ ഗീതയുടെ മാലയാണ് ധനലാഭത്തെ മറികടന്ന മനുഷ്യനന്മയുടെ സന്ദേശവുമായി ഉടമയുടെ പക്കൽ തിരിച്ചെത്തിയത്.
കഴിഞ്ഞ നാലിന് കാസർഗോഡ്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിൽ പൊയിനാച്ചിയിൽനിന്നു പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗീതയുടെ നാല് പവന്റെ താലിമാല നഷ്ടമായത്. ദാമോദരനും ഗീതയ്ക്കും സ്വർണത്തിന്റെ മൂല്യത്തേക്കാളേറെ നഷ്ടബോധം തോന്നിയത് താലിമാല നഷ്ടമായതിലായിരുന്നു.
ഇക്കാര്യം പറഞ്ഞുകൊണ്ടും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെകില്‍ ദയവുചെയ്ത് തിരികെ ഏല്പ്പിക്കണമെന്നഭ്യർഥിച്ചുകൊണ്ടും മാലയുടെ ഫോട്ടോ സഹിതം ദാമോദരന്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. സമീപപ്രദേശങ്ങളിലെ ഗ്രൂപ്പുകളിലെല്ലാം ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു മാലയും കത്തും ഇന്നലെ രാവിലെ ദാമോദരന്റെ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പത്തരയോടെയാണു വരാന്തയിലെ ചാരുപടി ഇരിപ്പിടത്തിൽ മാലയും കത്തും കണ്ടെത്തിയത്.
“ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒന്‍പതു ദിവസമായി. ആദ്യം സന്തോഷിച്ചു. എന്നാല്‍ കൈയില്‍ എടുക്കുന്തോറും നെഗറ്റീവ് ഫീലിംഗ്. ഒരു വിറയല്‍. പിന്നെ കുറേ ആലോചിച്ചു; എന്തു ചെയ്യണം. വാട്സാപില്‍ മെസേജ് കണ്ടു. കെട്ടുതാലിയാണ്. പിന്നെ തീരുമാനിച്ചു, വേണ്ട; ആരാന്റെ മുതല്‍ വേണ്ടാന്ന്. അങ്ങനെ വിലാസം കണ്ടുപിടിച്ചു. ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നില്ല. ഇത്രയും ദിവസം മാല കൈയില്‍ വച്ചതിനു മാപ്പ്.. വേദനിപ്പിച്ചതിനും മാപ്പ്. കുണ്ടംകുഴി.”- എന്നാണ് കത്തിൽ എഴുതിയിരുന്നത്.
മാല തിരിച്ചുകിട്ടിയതിനു തൊട്ടുപിന്നാലെ ആ വിവരം അറിയിച്ചുകൊണ്ട് ദാമോദരന്‍ വീണ്ടും വാട്സാപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ഇട്ടു. മാല നഷ്ടപ്പെട്ട വിവരം ഷെയര്‍ ചെയ്ത എല്ലാ സുമനസുകള്‍ക്കും നന്ദി അറിയിച്ചു. മാല തിരികെ കൊണ്ടുവന്ന് വച്ച അജ്ഞാതനായ സുഹൃത്തിന് സര്വേശ്വരന് നല്ലത് വരുത്തട്ടെയെന്നും പോസ്റ്റിൽ പറഞ്ഞു. ഈ മെസേജും ഷെയർ ചെയ്യപ്പെട്ട് അജ്ഞാതനായ ആ സുഹൃത്തിലേക്ക് എത്തിച്ചേരുമെന്നാണ് ദാമോദരന്റെ പ്രതീക്ഷ.