ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടപ്പാക്കിയ ഗതാഗത പരിഷ്കരണങ്ങളുടെ പേരിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരേ തൃണമൂൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രതിഷേധ പുലരി’ എന്ന പേരിൽ ജനകീയസമരം നടത്തി.
പ്രതിഷേധ പരിപാടിക്ക് തൃണമൂൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിഷ്ണു ആര്യാടൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആതിരാ മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ബൈജു മുഖ്യപ്രഭാഷണം നടത്തി.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജില്ലാ ഭരണകൂടം എത്രയും വേഗം ഇടപെട്ടില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നവാസ് കലാം സ്വാഗതം ആശംസിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എസ്. നവാസ്, സംസ്ഥാന കോർഡിനേറ്റർ കെ.പി. വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് തണ്ടാശേരിൽ, വനിതാവിഭാഗം ജില്ലാ ജനറൽസെക്രട്ടറി ഫരിഷ്മ, സിന്ധു അരൂർ തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രതിഷേധ പരിപാടിക്കുശേഷം ജില്ലാ കളക്ടർക്കു വിശദമായ നിവേദനം സമർപ്പിച്ചു.