കോഴിക്കോട്: “മ്യാൻമറിനെതിരായ മത്സരത്തിൽ സമ്മർദത്തിലാക്കാൻ അവരുടെ കാണികൾ പരമാവധി ശ്രമിച്ചു. പക്ഷേ, ഞങ്ങൾ തളർന്നില്ല. ടീമെന്ന നിലയിൽ കരുത്തോടെ നിന്നതാണ് വിജയരഹസ്യം. വിശേഷിച്ചും, മ്യാൻമറിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ’’- അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനു യോഗ്യത നേടിയ ഇന്ത്യൻ അണ്ടർ-20 ടീം ക്യാപ്റ്റൻ ശുഭാംഗി സിംഗിന് ആവേശവും സന്തോഷവും അടക്കാനാകുന്നില്ല.
“ഇന്ത്യതന്നെയായിരുന്നു മെച്ചപ്പെട്ട ടീം. പക്ഷേ അവർ നന്നായി പൊരുതി. ജയം അനിവാര്യമായിരുന്നു. മനസും ശരീരവും കൊടുത്തു ഞങ്ങൾ കളിച്ചു. അതിന്റെ ഫലം കിട്ടി’’- കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥിനിയായ ശുഭാംഗി ക്യാപ്റ്റന്റെ പക്വതയോടെ വിലയിരുത്തുന്നു.
നിർണായക മത്സരത്തിൽ മ്യാൻമറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ തായ്ലൻഡിൽ അടുത്തവർഷം ഏപ്രിലിൽ നടക്കുന്ന അണ്ടർ-20 ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിന് യോഗ്യത നേടിയത്. 20 വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതെന്നതും ശ്രദ്ധേയം.
ദേവഗിരി കോളജിലെ അവസാനവർഷ ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് വിഭാഗം വിദ്യാർഥിനിയായ ശുഭാംഗി ഗുജറാത്തിലെ ടപീ ജില്ലയിലെ സോൻഗഡ് സ്വദേശിനിയാണ്. സതീഷ് സിംഗിന്റെയും ഗ്യാൻമതി സിംഗിന്റെയും ഇളയ മകൾ. ഇന്ത്യൻ വിമൻ ലീഗിൽ കളിക്കുന്ന താരം ഗോകുലം ഫുട്ബോൾ ക്ലബ് അംഗമാണ്.