കായംകുളം: കൃഷിയെ ജീവിതവ്രതമാക്കി മണ്ണിൽ പൊന്നുവിളയിച്ച വിനോദിനിക്ക് സംസ്ഥാനത്തെ മികച്ച ട്രാൻസ്ജെൻഡർ കർഷക അവാർഡ് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ എട്ടാം വാർഡിൽ കൈമൂട്ടിൽ കിഴക്കതിൽ വീട്ടിൽ വിനോദിനിയുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന പ്രവർത്തിയാണ് കൃഷി.
ഇഷ്ടതൊഴിലും വരുമാന മാർഗവും കൃഷിയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇവർ കാർഷിക രംഗത്തുണ്ട്. ട്രാൻസ്ജെൻഡർ സമൂഹത്തിലും വേറിട്ട വ്യക്തിത്വമാണ്. ട്രാൻസ്ജെൻഡറുകൾക്കിടയിലും കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഇവർ നടത്തിവരുന്നു.
തരിശുകിടന്ന ഭൂമികൾ പാട്ടത്തിനെടുത്താണ് വിനോദിനി കൃഷി ചെയ്യുന്നത്. പ്രതികൂല കാലാവസ്ഥകൾ ഇവരുടെ കൃഷിക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെങ്കിലും വിനോദിനിക്ക് കൃഷിയോടുള്ള ഇഷ്ടം കുറഞ്ഞില്ല. ക്ഷേത്രങ്ങളിലെ ഉത്സവസീസണുകളിൽ നൃത്ത പരിപാടിക്കു പോകുന്നതാണ് വിനോദിനിയുടെ മറ്റൊരു തൊഴിൽ.
അത് കഴിഞ്ഞ് എത്തിയാൽ വിനോദിനി മുഴുവൻ സമയവും കൃഷിയിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൃഷ്ണപുരം കൃഷിഭവന്റെ പരിധിയിലുള്ള കർഷകയാണ് വിനോദിനി. വാർഡിന്റെ വിവിധ സ്ഥലങ്ങളിൽ ചെറിയ ചെറിയ സ്ഥലങ്ങൾ പാട്ടത്തിനെടുത്താണ് ഒരേക്കർ സ്ഥലത്ത് എള്ള്, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ സ്ഥിരമായി കൃഷി ചെയ്തുവരുന്നത്. പതിറ്റാണ്ടുകളായി തരിശു കിടന്ന കൃഷ്ണപുരം പഞ്ചായത്ത് എട്ടാം വാർഡിലെ ആരക്കണ്ടം പാടത്തെ അഞ്ചേക്കർ സ്ഥലം കഴിഞ്ഞവർഷം കഠിനാധ്വാനത്തിലൂടെ നെല്ലുവിളയിച്ച് പഴയകാല പ്രതാപം വീണ്ടെടുത്തതാണ് വിനോദിനി വിജയം കൊയ്തു.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഇവിടെ നെൽകൃഷി വിജയത്തിലെത്തിച്ചത്. എള്ള് കൃഷിയിലും വിനോദിനി നേട്ടമുണ്ടാക്കി. ഒരേക്കർ സ്ഥലത്താണ് എള്ള് കൃഷി ചെയ്തത്. ഒന്നരക്കിന്റലോളം എള്ള് വിളവെടുക്കാൻ കഴിഞ്ഞു. കാലാവസ്ഥ അനുകൂലമാണെങ്കിൽ എള്ള് കൃഷി ലാഭകരമാണന്ന് വിനോദിനി പറയുന്നു. എള്ള് എത്രയുണ്ടെങ്കിലും വാങ്ങാൻ ആളുണ്ട്. തനിക്ക് ലഭിച്ച എള്ള് എള്ളായും എള്ളെണ്ണയായും വിപണനം ചെയ്തുവരുന്നതായി അവർ പറഞ്ഞു. കൃഷ്ണപുരം കൃഷിഭവനിലെ കൃഷി ഓഫീസർ രേഷ്മ രമേശും അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്. പ്രദീപ് കുമാറും കൃഷി അസിസ്റ്റന്റുമാരായ ഇന്ദു സി നായരും എം. ഷമീറും വിനോദിനിക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.
കൃഷി നൽകുന്ന ഒരു മാനസിക സംതൃപ്തി മറ്റൊരു തൊഴിലിലും ലഭിക്കുകയില്ലെന്നും അതുകൊണ്ടുതന്നെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കൃഷിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് വിനോദിനിയുടെ തീരുമാനം. പിതാവ് വിശ്വനാഥനും അമ്മ രമാദേവിയും പൂർണ പിന്തുണയുമായി വിനോദിനിയോടൊപ്പമുണ്ട്. അരലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം 17ന് തൃശൂരിൽ നടക്കുന്ന കർഷക അവാർഡ് വിതരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിനോദിനി ഏറ്റുവാങ്ങും.
നൗഷാദ് മാങ്കാംകുഴി