നായക്കുട്ടികളെ പൊതുവെ എല്ലാവർക്കും കാണാൻ ഇഷ്ടമാണ്. വളരെ കുറുന്പും കുസൃതിയുമൊക്കെയായി ആ കുറുന്പന്മാരിങ്ങനെ ഓടിക്കളിക്കുന്നത് തന്നെ കാണാൻ രസമാണ്. അത്തരത്തിൽ മനോഹരമായൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
@bhootu_the_samoyed എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചോംചോം എന്ന് പേരുള്ള ഒരു ഗോൾഡൻ റിട്രീവർ നായക്കുട്ടിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആദ്യമായി സ്ട്രോബറി കഴിക്കുന്ന ചോംചോമിന്റെ ഭാവങ്ങൾ പകർത്തിയ വീഡിയോ ആണിത്.
അവന്റെ അരികിലേക്ക് സ്ട്രോബെറി ഇട്ടു കൊടുക്കുന്പോൾ ആദ്യം ഇതെന്താണെന്ന് നായക്കുട്ടി നോക്കുന്നത് കാണാം. കഴിക്കാനുള്ള സാധനമാണെന്ന് മനസിലായതോടെ അതെടുക്കാനുള്ള പരിശ്രമമായി പിന്നെ.
ചാഞ്ഞും ചരിഞ്ഞുമെല്ലാം അവൻ ആ സ്ട്രോബെറി വായിലാക്കാൻ ശ്രമിക്കുന്നു. അപ്പോഴൊക്കെ അത് തെന്നിത്തെന്നി പോകുന്നത് നമുക്ക് കാണാൻ സാധിക്കും. അവസാനം എങ്ങനെയൊക്കെയോ അവന് സ്ട്രോബറി ഒരു കഷ്ണം കൈക്കലാക്കാനും കഴിഞ്ഞു. വീഡിയോ വൈറലായതോടെ ചോംചോമിന് ആരാധകരും കൂടി. എന്ത് ക്യൂട്ട് ആണിവൻ എന്നാണ് മിക്കവരും പറഞ്ഞത്.