കോട്ടയം: കോട്ടയം നഗരത്തില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. നായയുടെ കടിയേല്‍ക്കാതെ നഗരവാസികളും സ്കൂള്‍ കൂട്ടികൾ ഉള്‍പ്പെടെയുള്ള യാത്രക്കാരും വ്യാപാരികളും തലനാരിഴയ്ക്കാണു പലപ്പോഴും രക്ഷപ്പെടുന്നത്. ബേക്കര്‍ ജംഗ്ഷന്, ശാസ്ത്രി റോഡ്, ചന്ത, കെഎസ്ആര്‍ടിസി പരിസരം, തിരുനക്കര എന്നിവിടങ്ങളിലാണ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങള്‍. നൂറുകണക്കിനു യാത്രക്കാര്‍ ഉപയോഗിക്കുന്ന ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പ് നായകള്‍ കൈയേറിയിരിക്കുകയാണ്.
കോഴഞ്ചേരി, കുമളി, പാലാ തുടങ്ങി വിവിധ ഇടങ്ങളിലേക്കുള്ള ബസുകള്‍ കാത്തുനില്ക്കുന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം പൊറുതിമുട്ടിയിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാലെടുത്ത് വച്ചാല്‍ നായകടിക്കും എന്നതാണു സ്ഥിതി. ഇരിപ്പിടങ്ങളില്‍ ഇരിക്കാനായി ഒരുങ്ങിയാല്‍ നായകളോടി അടുത്തേക്കെത്തും, സൂക്ഷിച്ചില്ലെങ്കില്‍ കടി ഉറപ്പാണ്.
കൂട്ടമായി എത്തുന്നതിനാല്‍ ആട്ടിയോടിക്കുക പ്രയാസം. ആക്രമണസ്വഭാവം പുലര്‍ത്തുന്ന നായക്കൂട്ടമാണ് യാത്രാക്കാരുടെനേരെ പാഞ്ഞടുക്കുന്നത്. രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ഭീതിയോടെയാണ് ഇവിടെ നില്‍ക്കുന്നത്.വെളിച്ചക്കുറവുമൂലം നായകള്‍ അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. ഇരുട്ടത്തു പതുങ്ങിക്കിടക്കുന്ന നായക്കൂട്ടം ആളുകളെത്തിയാല്‍ കുരച്ചുചാടി കടിക്കുകയാണ്.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ നായകള്‍ പുറകെയെത്തുമ്പോള് ഇറങ്ങിയോടുകയാണ്. നഗരസഭയുടെ മൂക്കിന് തുമ്പത്തെ ബസ് സ്റ്റോപ്പിലെ സ്ഥിതിയാണിത്. കാറിൽ സുഖമായി യാത്ര ചെയ്യുന്ന നഗര ഭരണാധികാരികള്‍ നായശല്യം കണ്ടില്ലെന്നു നടിക്കുകയാണ്.തെരുവുനായ്ക്കളെ പിടികൂടുന്നതിനായി യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. നായശല്യം പരിഹരിക്കാന്‍ നഗരസഭ നടപടിയെടുക്കാത്തതില്‍ വ്യാപാരികളും പ്രതിഷേധത്തിലാണ്.
അതേസമയം, കോടിമത എബിസി സെന്ററില്‍ നായ്ക്കളെ വന്ധ്യംകരിച്ച് ശല്യം ഒഴിവാക്കാനുള്ള പദ്ധതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയില്‍ നഗരസഭയും പങ്കാളിയാണെന്നും മുനിസിപ്പാലിറ്റിയിലെ 52 വാര്‍ഡുകളില്‍നിന്നു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന നടപടിക്കു മാത്രമേ നഗരസഭയ്ക്ക് അധികാരമുള്ളുവെന്നും ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.