ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തെതുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ച് ബലാത്സംഗം ചെയ്ത നാലു പേർ അറസ്റ്റിൽ. ഷംലി നിവാസിയായ രാജീവ് (40), ഹാപൂർ സ്വദേശി വികാസ് (20), മീററ്റ് സ്വദേശി ആഷു (55), ഗാസിയാബാദ് സ്വദേശി രാമൻജോത് സിംഗ് (24) എന്നീ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെ ഭാരത് നഗറിൽ ഒരു മാസം മുമ്പ് പിതാവുമായുള്ള തർക്കത്തെതുടർന്നാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ജൂലൈ 21ന് കാണാതായ പെൺകുട്ടിയെ ഏകദേശം ഒരു മാസത്തിന് ശേഷം ഉത്തർപ്രദേശിലെ ഷംലിയിൽനിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസീർപൂരിലെ ജെജെ കോളനിയിലെ വീട്ടിൽനിന്ന് ട്യൂഷനു പോയ ശേഷം ജൂലൈ 21ന് പെൺകുട്ടിയെ കാണാതായി. തുടർന്ന് ഭാരത് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭീഷം സിംഗ് പറഞ്ഞു.
പിതാവുമായുള്ള വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങി ഇന്ദർലോക് മെട്രോ സ്റ്റേഷനിൽനിന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോയിൽ യാത്ര ചെയ്തതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. അവിടെ നിന്ന് ട്രെയിനിൽ കയറി മീററ്റിലെത്തിയപ്പോഴാണ് വികാസ് എന്ന യുവാവിനെ കണ്ടുമുട്ടിയത്.
വികാസ് തന്നെ വശീകരിച്ച് കൂട്ടുപ്രതിയായ ആഷുവിന്റെ വീട്ടിൽ തടവിലാക്കിയെന്നും പിന്നീട് രാജീവിന് കൈമാറിയെന്നും പെൺകുട്ടി പറഞ്ഞതായി ഡിസിപി അറിയിച്ചു. ഇടപാട് സുഗമമാക്കുന്നതിനായി മറ്റൊരു പ്രതിയായ രാമൻജോത് സിംഗ് കുട്ടിയെ പ്രായപൂർത്തിയായ ആളായി ചിത്രീകരിച്ച് വ്യാജ ആധാർ കാർഡ് തയാറാക്കി.
ജൂലൈ 24 ന് രാജീവ് പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിക്കുകയും ഷാംലിയിലെ ഇയാളുടെ വീട്ടിൽവച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികൾക്കായി കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.