തിരുവനന്തപുരം: പേയാട് വീടിന്റെ എസി തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. പേയാട് അലക്കുന്നം കിഷോറിന്റെ വീട്ടിൽ ജോലിക്കിടെ പൊറ്റയിൽ സ്വദേശി അഖിൽരാജ് (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുണ്ടമൺഭാഗത്തെ എസി. സർവീസ് സെന്ററിൽ നിന്ന് ജോലിക്കെത്തിയതായിരുന്നു അഖിൽ. രണ്ടാം നിലയിലെ സൺ ഷേഡിൽ നിന്ന് സഹപ്രവർത്തകനോടൊപ്പം എസിയുടെ തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് എത്തി അഖിലിനെ പുറത്തെടുത്ത് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്രനാണ് അഖിലിന്റെ അച്ഛൻ, പരേതയായ രമണിയാണ് അമ്മ. സഹോദരി: ആര്യരാജ്.