തിരുവനന്തപുരം: ഉള്ളൂരില്‍ വയോധികയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികുടി. ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ വാടകക്ക് താമസിക്കുന്ന ഉഷാകുമാരി (65) യെയാണ് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്.
കവര്‍ച്ച നടത്തിയ ആക്കുളം സ്വദേശിയായ മധു (58) നെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. വയോധികയുടെ വീടിന് സമീപത്തെ ബേക്കറിയിലെ തൊഴിലാളിയാണ് മധു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉഷാകുമാരി ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പ്രതി ഇവരുടെ വീട്ടിനകത്ത് അതിക്രമിച്ച് കയറി വയോധികയുടെ കൈകള്‍ കൂട്ടികെട്ടി തുണി വായില്‍ തിരുകിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണമാലയും മോതിരവും അപഹരിച്ച ശേഷം കടന്ന് കളയുകയായിരുന്നു.
വൈകുന്നേരമായിട്ടും വയോധികയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആക്കുളം ഭാഗത്ത് നിന്നു രക്ഷപ്പെടാനുള്ള തയാറെടുപ്പ് നടത്തവെയാണ് പ്രതിയെ മെഡിക്കല്‍ കോളജ് എസ്എച്ച്ഒ .ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു പുലർച്ചെയോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.