മലയാളത്തിലൂടെ കരിയര് ആരംഭിച്ച് മറ്റ് തെന്നിന്ത്യൻ ഭാഷകളില് താരമായ നിരവധി നടിമാരുണ്ട്. അക്കൂട്ടത്തില് ഒരാളാണ് അനുപമ പരമേശ്വരന്. പ്രേമത്തിലൂടെ കരിയര് ആരംഭിച്ച അനുപമ താരമാകുന്നത് തെലുങ്കിലൂടെയാണ്. അനുപമയ്ക്ക് ഇന്ന് തെലുങ്കില് നിരവധി ആരാധകരുണ്ട്.
ഇപ്പോഴിതാ തന്റെ തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിനെക്കുറിച്ചുള്ള അനുപമയുടെ വാക്കുകള് ചര്ച്ചയായി മാറുകയാണ്. ചിത്രത്തിലെ കഥാപാത്രം യഥാര്ഥ ജീവിതത്തിലെ തന്നില് നിന്ന് ഏറെ അകലെയാണെന്നാണ് അനുപമ പറയുന്നത്. ചിത്രത്തില് ധരിച്ച വേഷങ്ങളില് താന് അസ്വസ്ഥയായിരുന്നുവെന്നും അനുപമ പറയുന്നുണ്ട്.
ടില്ലു സ്ക്വയറിലേത് ശക്തമായ കഥാപാത്രമായിരുന്നു. വെറുമൊരു കൊമേഷ്യല് ചിത്രമായിരുന്നില്ല. വന്ന് ഡാന്സ് കളിച്ചിട്ട് പോകുന്ന കഥാപാത്രമല്ല. അത്തരം കഥാപാത്രങ്ങള് തെറ്റാണെന്നല്ല പറയുന്നത്. ഇത് അത്തരമൊരു കഥാപാത്രമായിരുന്നില്ല. ടില്ലു സ്ക്വയറില് ഞാന് നന്നായിരുന്നുവെന്ന് തോന്നുന്നു. ശരിക്കുമുള്ള എന്നില് നിന്നും തീര്ത്തും വിപരീതമായിരുന്നു ആ കഥാപാത്രം.
തീര്ത്തും അണ്കംഫര്ട്ടബിളായിരുന്നു ആ കഥാപാത്രത്തിന്റെ വേഷങ്ങള്. വളരെ ബുദ്ധിമുട്ടിയാണ് ആ വസ്ത്രങ്ങള് ധരിച്ചത്. പക്ഷേ, ആ കഥാപാത്രം അത് ആവശ്യപ്പെട്ടിരുന്നു. സോ കോള്ഡ് ബോള്ഡ് കഥാപാത്രമാണ്. എനിക്കത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ആ കഥാപാത്രം ചെയ്യാന് തീരുമാനിക്കാന് കുറേ സമയമെടുത്തു. ഒടുവില് തീരുമാനിക്കുകയായിരുന്നു.
പക്ഷേ, ആ സിനിമ കാരണം എന്നെ വെറുക്കുന്ന ഒരുപാടുപേരുണ്ട്. ഞാന് ടില്ലുവില് ചെയ്തത് ഇഷ്ടപ്പെടാത്തവരുടെ കമന്റുകള് ഞാന് സ്ഥിരം വായിക്കാറുണ്ട്. പക്ഷേ, അവരുടെ അഭിപ്രായം മാനിക്കുന്നു. അതും ഇതിന്റെ ഭാഗമാണ്- അനുപമ പറയുന്നു.