തൃശൂർ: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം വിയ്യൂരിലെ അതിവസുരക്ഷാ ജയിലിലും സന്ദർശനം നടത്തിയേക്കും.
സംഘം എത്തുന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഗോവിന്ദച്ചാമിയെ പാർപ്പിച്ചിട്ടുള്ളത് വിയ്യൂരിലെ ഹൈ സെക്യൂരിറ്റി പ്രിസണിൽ ആയതിനാൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ജയിൽച്ചാട്ടത്തിന്റെ വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി ഗോവിന്ദച്ചാമിയെയും കാണുമെന്നാണ് സൂചന.
ജസ്റ്റിസ് സി.എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സമിതി . രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ കണ്ണൂരിലെ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും.
സർക്കാർ നിയോഗിച്ച സമിതി ആയതുകൊണ്ട് ഗോവിന്ദച്ചാമിയുടെ മൊഴിയെടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.