പയ്യന്നൂര്‍: പയ്യന്നൂര്‍ അമ്പലം – തെരു റോഡിലെ ഇടറോഡില്‍ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞു നിര്‍ത്തി 2,05,400 രൂപ കവര്‍ന്ന സംഭവത്തില്‍ 99,000 രൂപകൂടി കണ്ടെടുത്ത് പോലീസ്. ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രി ഏഴരയോടെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മൂന്നംഗസംഘം തന്നെ ആക്രമിച്ചതായുള്ള ഗ്യാസ് ഏജന്‍സി ജീവനക്കാരനായ മഹാദേവ ഗ്രാമത്തിലെ സി.കെ. രാമകൃഷ്ണന്റെ (59) പരാതിയില്‍ പോലീസ് ഇന്നലെ തളിപ്പറമ്പ് പട്ടുവം സ്വദേശിയായ മുഹമ്മദ് അജ്മല്‍(23), മന്നയിലെ മുഹമ്മദ് റുഫൈല്‍ (21), മുണ്ടേരി മുയ്യം സ്വദേശി മുഹമ്മദ് റിസ്വാന്(18) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിലൊരാളുടെ വീട്ടില്‍നിന്നാണ് അന്വേഷകസംഘം 99,000 രൂപ കണ്ടെടുത്തത്. പ്രതിയുടെ അമ്മയാണ് വീട്ടില്‍ പണം കണ്ടതായ വിവരം പോലീസിനെ അറിയിച്ചത്. ഇതേത്തുടര്ന്നെത്തിയ പോലീസ് പണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് പോലീസിനെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായത്.
പിടികൂടിയ പ്രതികളുടെ കൈയില്‍ മുപ്പത്തൊന്നായിരത്തോളം രൂപ മാത്രമാണുണ്ടായിരുന്നത് എന്ന് പോലീസ് പറഞ്ഞു. ബാക്കിപണത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ലാതിരിക്കേയാണ് പ്രതികളിലൊരാളുടെ വീട്ടില്‍നിന്നു 99,000 രൂപ കണ്ടെത്തിയത്. കവര്‍ച്ചക്ക് ശേഷം മൂവരും പയ്യന്നൂരില്‍ കാത്തുനിന്നിരുന്ന നാലാമനുമൊത്തായിരുന്നു സ്ഥലംവിട്ടത്. പിന്നീട് കണ്ണൂരിലെത്തിയ പ്രതികള്‍ ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിച്ച് ആഘോഷത്തിലായിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടത്. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചതായുള്ള വാര്‍ത്ത കണ്ടതോടെ പിടിക്കപ്പെടാതിരിക്കാനായി സ്ഥലം വിടാനുള്ള തീരുമാനത്തോടെ വീണ്ടും കണ്ണൂരെത്തിയപ്പോഴാണ് സംഘം പോലീസിന്റെ വലയില്‍ കുടുങ്ങിയത്.
ഗ്യാസ് ഏജന്സിയിലടക്കേണ്ട പണമടങ്ങിയ ബാഗ് തട്ടിപ്പിച്ചെടുത്ത് അതിലുണ്ടായിരുന്ന പണം കൈക്കലാക്കിയശേഷം രാമകൃഷ്ണനെ ഉന്തിത്താഴെയിട്ടാണ് പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞത്. വീഴ്ചയില്‍ കല്ലിലിടിച്ചുവീണതിനെ തുടര്‍ന്ന് പരിക്കേറ്റ പരാതിക്കാരന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിവമറിഞ്ഞെത്തിയ പോലീസ് സമീപ വീടുകളിലെയും കവര്‍ച്ചക്കാര്‍ പോയതായി സംശയിക്കുന്ന സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് 24 മണിക്കൂറിനുള്ളില്‍ പ്രതികളിലേക്കെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന നാലാമനെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെക്കൂടി കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ്.