കോട്ടയം: നഗരമധ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി ഏഴു പേരെ തെരുവുനായ ആക്രമിച്ചു. നായയുടെ ആക്രമണത്തില്‍ കടിയേറ്റ മുന്‍ നഗരസഭാ ചെയര്മാന് പി.ജെ. വര്‍ഗീസ് ഉള്‍പ്പടെ നാലു പേര് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കെകെ റോഡ് മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള റോഡില്‍ നിരവധി ആള്‍ക്കാരെ നായ ആക്രമിച്ചു. കോട്ടയം നഗരസഭാ മുന്‍ ചെയര്മാന് പി.ജെ. വര്‍ഗീസ്, സാജന് കെ. ജേക്കബ്, ബി. വര്‍ഗീസ്, വിജെ ഫുട്വെയര് ജീവനക്കാരന് ഷാനവാസ് എന്നിവര്‍ക്കാണു കടിയേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
പേവിഷബാധയെന്നു സംശയം
കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാന്‍ഡിനു സമീപത്തു രണ്ടു പേരെ കടിച്ചു. ഇവിടെനിന്ന് ഓടിയ നായ മാര്‍ക്കറ്റിനുള്ളില്‍ എത്തി ഇവിടെയും ആളുകളെ കടിക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ കെഎസ്ആര്‍ടിസി ഭാഗത്തെത്തിയ നായ ആളുകളെ ആക്രമിക്കാന്‍ ഒരുങ്ങിയതോടെ നാടുകാര് ചേര്‍ന്നു പ്രതിരോധിച്ചു. എംജി റോഡില്‍ മീന്‍ മാര്‍ക്കറ്റിനു സമീപം സ്വകാര്യ പുരയിടത്തില്‍ നായ ഓടിക്കയറി.