തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേയ്ക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അത്തം നാളില്‍ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു.
ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്‍ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള്‍ ആകാശത്തേയ്ക്കുയര്‍ന്നു. അത്തം നഗറില്‍ വേഷമിട്ട് നിന്ന കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ ആദ്യ ചുവടുകള്‍ വച്ചതോടെ അത്തം നഗര്‍ വര്‍ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര്‍ തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്‍ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേയ്ക്കിറങ്ങി.
മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്. മഹാബലി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്‍, തകില്, ചെണ്ടമേളം, ബാന്‍ഡ് മേളം, തമ്പോല മേളം, കാവടി, തെയ്യം, തിറ, പടയണി, കെട്ടുകാള, ആലാമികളി, ഗരുഡന് പറവ, ഡോള്‍ ഡാന്‍സ്, ദേവനൃത്തം, അര്‍ജുനനൃത്തം തുടങ്ങി ഒട്ടനവധിയായ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് പൊലിമയേകി.
അത്തം നഗറില്‍ നിന്നും പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട വഴി എസ്.എന്‍.ജംഗ്ഷനിലെത്തിയ ഘോഷയാത്ര വടക്കേക്കോട്ട, കോട്ടയ്ക്കകം, സ്റ്റാച്ച്യു ജംഗ്ഷന് വഴി തിരികെ അത്തം നഗറിലെത്തി. രാവിലെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂക്കള മത്സരത്തിന്റെ പ്രദര്‍ശനം വൈകിട്ട് നടക്കും. ലായം കൂത്തമ്പലത്തില്‍ വൈകിട്ട് നടക്കുന്ന കലാസന്ധ്യ ഉദ്ഘാടനത്തോടെ രാജനഗരി ആഘോഷ ലഹരിയില്‍ അമരും.