ബ്രസീല് എന്നു കേട്ടാല് മറ്റു രാജ്യങ്ങളുടെ ഫുട്ബോള് ആരാധകര്ക്കു ഹാലിളകും. പക്ഷേ, ആ വികാരമാണോ തദ്ദേശ തെരഞ്ഞെടുപ്പില്? പാരമ്പര്യവൈരികളായ ടീമുകള് അണിനിരക്കുന്ന, ലോകം മുഴുവന് ഒരു കാല്പ്പന്തിലേക്കു ചുരുങ്ങുന്ന ആ പോരാട്ടത്തിന് ഇനിയും ഏതാനും മാസങ്ങള് ബാക്കിയുണ്ട്. അതിനു മുന്നേയാണ് സ്വന്തം നാട്ടിലെ പോരാട്ടമെന്നതു ബ്രസീലിയയ്ക്കു നല്കുന്ന ആശ്വാസം ചില്ലറയല്ല.
ബ്രസീലിയ എന്നു പറഞ്ഞാല് കോഴിക്കോട് കോര്പറേഷനിലെ പുത്തൂര് ഡിവിഷനിലെ യുഡിഎഫ് വനിതാ സ്ഥാനാര്ഥി. ഈ ഡിവിഷന് എല്ഡിഎഫില്നിന്നു പിടിച്ചെടുക്കാന് എല്ലാ ഫുട്ബോള് ആരാധകരുടെയും പിന്തുണ തേടിയാണു ബ്രസീലിയ കളിക്കളത്തിലിറങ്ങിയിരിക്കുന്നത്.
2010 മുഖദാര് ഡിവിഷനില് ബ്രസീലിയ അട്ടിമറിജയം നേടിയതിനു പിന്നില് ഫ്രാന്സ്, ജര്മനി, ഇംഗ്ലണ്ട്, പോര്ച്ചുഗല്, അര്ജന്റിന തുടങ്ങി എല്ലാ ഫുട്ബോള് പ്രേമികളുടെയും കരങ്ങളുണ്ടായിരുന്നുവെന്നാണു നാട്ടിലാകെയുള്ള സംസാരം.
35 വര്ഷമായി എല്ഡിഎഫ് കൈയടക്കിവച്ചിരിക്കുന്ന പുത്തുര് ഡിവിഷന് പിടിച്ചെടുക്കാന് ബ്രസീലിയ എന്ന വ്യത്യസ്തമായ പേരിന്റെ പിന്ബലം ഇത്തവണയും സഹായിക്കുമെന്നാണ് സ്ഥാനാര്ഥിയുടെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കയില് നടന്ന ലോകകപ്പിന്റെ ക്വാര്ട്ടര് ഫൈനലില് ബ്രസീല് പരാജയപ്പെട്ട് മൂന്ന് മാസത്തിനു ശേഷമായിരുന്നു 2010ലെ തദ്ദേശ തെരഞ്ഞെടുപ്പ്.
അന്ന് ഫുട്ബോള് ഭ്രാന്തന്മാരുടെ പ്രദേശമായ നൈനാന് വളപ്പില്നിന്നാണു ബ്രസീലിയയ്ക്കു കൂടുതല് വോട്ടുകള് ലഭിച്ചത്. ബ്രസീല് എങ്ങനെയെങ്കിലും തോല്ക്കാന് തല മുണ്ഡനം ചെയ്യുകയും നേര്ച്ചയും വഴിപാടുമൊക്കെ നേര്ന്നവരും 2010ലെ തെരഞ്ഞെടുപ്പില് ബ്രസീലിയയെ കൈവിട്ടില്ല.
ബ്രസീലിന്റെ കടുത്ത ആരാധകനായ അമ്മാവന് ഷരീഫാണ് ബ്രസീലിയ എന്ന അസാധാരണമായ പേര് നിര്ദേശിച്ചത്. ബ്രസീലിയയുടെ ഒരു സഹോദരിയുടെ പേര് ബദരിയ എന്നാണ്. പിന്നീടുണ്ടായ കുട്ടിക്ക് അതേ അക്ഷരത്തില് തുടങ്ങുന്ന ഒരു പേരിനായി തെരയുന്നതിനിടെയാണ് അമ്മാവന് ‘ബ്രസീലിയ’ എന്നു നിര്ദേശിച്ചത്. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ബ്രസീലിയ.
സ്വന്തം ലേഖകന്

