കൊച്ചി: ഇനി മുതല്‍ സിനിമകളുടെ കളക്ഷന്‍ പുറത്തുവിടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. സിനിമയിലെ നഷ്ടക്കണക്ക് പുറത്തുവിടുന്നത് ചില നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.
അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് നല്കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് പുതിയ ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചെന്നും പ്രശ്നം കൂട്ടായി പരിഹരിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. ജനറല്‍ ബോഡിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അമ്മ പ്രസിഡന്റ് ശ്വേത മേനോനും പറഞ്ഞു.
മലയാളത്തില്‍ നിന്ന് ഇറങ്ങുന്ന സിനിമകളുടെ ബജറ്റും കളക്ഷനും സംബന്ധിച്ച പ്രതിമാസ ലിസ്റ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍പ് ഏതാനും മാസങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധയും നേടിയിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു.
അസോസിയേഷന് പുറത്തുവിടുന്ന കണക്ക് അപൂര്‍ണമാണെന്നും ആക്ഷേപം ഉയര്‍ന്നു. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ചിത്രങ്ങള്‍ നേടുന്ന നെറ്റ് കളക്ഷന്‍ ആയിരുന്നു സംഘടന പുറത്തുവിട്ടിരുന്നത്.