പഞ്ചായത്ത് ഭൂമിയിലെ മരംമുറിച്ച സംഭവം: ഒരാള്‍ പിടിയില്‍; പഞ്ചായത്ത് അംഗത്തെ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുത്തു

ktm-ARRESTകാട്ടാക്കട:   പഞ്ചായത്തിലെ മാവോട്ടുകോണം വാര്‍ഡിലെ  തേവുപാറ ശുദ്ധജല സംഭരണി സ്ഥിതിചെയ്യുന്ന പഞ്ചായത്തുവക അന്‍പതു സെന്റ് ഭൂമിയില്‍ നിന്നിരുന്ന 52 മരങ്ങള്‍  മുറിച്ചു കടത്തിയ കേസില്‍ തേവുപാറ സ്വദേശി ആല്‍ബിയെ പോലീസ് അറസ്റ്റു ചെയ്തു.  മലയിന്‍കീഴ് പഞ്ചായത്തിലെ മാവോട്ടുകോണം വാര്‍ഡ് അംഗം നടുക്കാട് അനിലിനെ ഒന്നാം പ്രതിയാക്കി മലയിന്‍ കീഴ് പോലീസ് കേസെടുക്കുകയും ചെയ്തു.

മാവോട്ടു കോണം വാര്‍ഡ് അംഗം നടുക്കാട് അനില്‍,  സഹായി  തങ്കച്ചന്‍ എന്നിവര്‍ ഒളിവിലാണ്. കാടുമൂടിക്കിടന്ന കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള തേവുപാറയിലെ ജലസംഭരണി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയിലെ കാടുവെട്ടിത്തെളിക്കാാന്‍ പഞ്ചായത്ത് തീരുമാനിച്ചു.ഇതിനായി പഞ്ചായത്ത് അംഗത്തെ  പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ മറവില്‍ ജലസംഭരണിക്ക് ചുറ്റുമുണ്ടായിരുന്ന അക്വേഷ്യ, ആഞ്ഞില്‍, ചീലാന്തി തുടങ്ങിയ മരങ്ങള്‍ മുറിച്ചുനീക്കി.

മുറിച്ചിട്ട മരങ്ങള്‍ കഴിഞ്ഞദിവസം അന്തിയൂര്‍കോണത്തെ സ്വകാര്യ തടിമില്ലിന് വിറ്റു. പഞ്ചായത്ത് അനുമതിയുണ്ടെന്ന് മില്ലുടമയെ വിശ്വസിപ്പിച്ചായിരുന്നു വില്‍പന.തടിമില്ലില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മരങ്ങള്‍ എവിടെനിന്നെന്ന അന്വേഷണമാണ് നാട്ടുകാരെ തേവുപാറയിലെ സര്‍ക്കാര്‍ ഭൂമിയിലെത്തിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്.

Related posts