അർഹതയില്ലാതെ എന്ത് ലഭിച്ചാലും അത് സ്വീകരിക്കരുതെന്നാണ് കുട്ടിക്കാലം മുതൽ നമ്മൾ പഠിച്ചുവന്ന പാഠം. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുണി ഇസ്തിരിയിടാന്‍ നല്കിയ ബാഗില്‍ അരലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമയ്ക്ക് തന്നെ തിരികെ കൊടുത്തിരിക്കുകയാണ് ഒരു യുവാവ്. കുമരകത്താണ് സംഭവം.
കുമരകം ചന്തക്കവലയില്‍ ലോണ്ട്രി സോണ്‍ എന്ന സ്ഥാപനം നടത്തുന്ന ഒറവണക്കളം കണ്ണന് ബൈജു (32) ആണ് പണം ഉടമയ്ക്കു തിരികെ നല്കി മാതൃകയായത്.
തുണികള്‍ ഇസ്തിരിയിടാന്‍ നല്കിയ ബാഗില്‍ പണം സൂക്ഷിച്ചിരുന്ന കാര്യം ഉടമ ഓര്‍ത്തിരുന്നില്ല. തുണി നല്കാന് കടയിലെത്തിയപ്പോള്‍ കണ്ണന് കടയിലുണ്ടായിരുന്നില്ല. സമീപത്തുള്ള ആശ ഹെയര്‍ കട്ടിംഗ് സലൂണില്‍ ബാഗ് ഏല്‍പ്പിച്ചു മടങ്ങുകയായിരുന്നു.
ഈ സ്ഥാപനത്തിന്റെ ഉടമയാണ് ബാഗ് കണ്ണനെ ഏല്‍പ്പിച്ചത്. തുണികള്‍ ഇസ്തിരിയിടാന്‍ എടുക്കുന്നതിനിടെ പണം കണ്ട കണ്ണന് ഉടനെ ഉടമയെ അറിയിച്ച് പണം കൈമാറുകയായിരുന്നു.