ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ 25 ഓളം കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതിൽ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഒരു രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ടുള്ള ചാവേർ ബോംബാക്രമണത്തിൽ 14 പേർ മരിച്ചു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്തു നടന്ന സ്ഫോടനത്തിൽ പന്ത്രണ്ടിലേറെപ്പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ (ബിഎൻപി) നൂറുകണക്കിന് അംഗങ്ങൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്ഫോടനം നടന്നതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്.
ഇറാന്റെ അതിർത്തിക്കടുത്തുള്ള ബലൂചിസ്ഥാനിൽ ഇന്നലെ നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അതേസമയം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അവരുടെ താവളത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമെന്നാണു നിഗമനം.