മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇന്നും വീട്ടിലെ കുട്ടിയാണു നവ്യാ നായര്‍. സിനിമയില്‍ ഇപ്പോള്‍ പഴയതു പോലെ സജീവമല്ലെങ്കിലും നൃത്തരംഗത്താണ് നവ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തമായി നൃത്ത സ്കൂള്‍ നടത്തുന്ന നവ്യ കേരളത്തിലും പുറത്തും വിദേശത്തുമൊക്കെ നിരവധി നൃത്ത പരിപാടികള്‍ നടത്താറുണ്ട്.
ഇപ്പോഴിതാ, തിരുവോണ ദിവസം സംഭവിച്ച ഒരു അക്കിടിയെക്കുറിച്ചാണ് നവ്യ നായര്‍ വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആയിരുന്നു സംഭവം. മെല്‍ബണ്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വന്‍ തുക പിഴയാണ് നവ്യയ്ക്കു മേല്‍ ചുമത്തിയത്. മുല്ലപ്പൂ കൈവശം വച്ചതിനായിരുന്നു ഒന്നേകാല്‍ ലക്ഷത്തോളം രൂപ (1890 ഓസ്ട്രേലിയൻ ഡോളർ) പിഴ. ഈ തുക അടച്ചതിനുശേഷമാണു നവ്യയ്ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചത്.
ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലെ മലയാളി അസോസിയേഷന് ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് നവ്യ ഇന്ത്യയില്‍ നിന്ന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആകാശത്ത് വിമാനത്തില്‍ ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നവ്യ പങ്കുവെച്ചിരുന്നു.
സെറ്റ് സാരിയാണ് നവ്യ ധരിച്ചിരുന്നത്. വിദേശത്ത് ഷോ ഉള്ളതിനാല്‍ മെല്‍ബണിലേക്കുള്ള യാത്രയിലായിരുന്നു നവ്യ. നവ്യ നായരുടെ കൈവശം 15 സെന്റീമീറ്റര്‍ നീളമുള്ള മുല്ലപ്പൂവും ഉണ്ടായിരുന്നു. ഇതാണ് വമ്പന്‍ പണി കൊടുത്തത്. പകുതി മുല്ലപ്പൂ തലയിൽ ചൂടുകയും പകുതി ബാഗിൽ സൂക്ഷിക്കുകയും ചെയ്തു. ഇതിനാണ് മെല്‍ബണ്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നവ്യയെ തടഞ്ഞുവച്ചത്. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് എയർപോർട്ട് അധികൃതർ നവ്യയോട് ആവശ്യപ്പെട്ടത്. അവിടെ നടന്ന പരിപാടിക്കിടെ നവ്യ തന്നെയാണ് ഈ വിവരം സദസുമായി പങ്കുവെച്ചത്.
വിദേശത്തു നിന്ന് ലഗേജ് കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇവിടെ സസ്യങ്ങളും വിത്തുകളും സസ്യ ഉത്പന്നങ്ങളും കൊണ്ടുവരുന്നതില്‍ കര്ശനനിയന്ത്രണങ്ങളാണുള്ളത്. ഓസ്ട്രേലിയയുടെ ജൈവ സുരക്ഷാ നിയമമാണ് മല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്കു കൊണ്ടുവരുന്നതു തടയുന്നത്. ഓസ്ട്രേലിയൻ കൃഷി വകുപ്പിനാണ് നവ്യ പിഴ നൽകേണ്ടത്.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളെയോ രോഗങ്ങളെയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഇത്. ഇത്തരം സൂക്ഷ്മജീവികള്‍ ഓസ്ട്രേലിയയുടെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാന്‍ കാരണമാകുകയും തദ്ദേശീയ സസ്യ-ജന്തുജാലങ്ങള്ക്കു ഭീഷണിയാവുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നത്. ഇത്തരത്തില്‍ ഓസ്ട്രേലിയയ്ക്ക് പണികിട്ടിയ പല അനുഭവങ്ങളും മുമ്പ് ഉണ്ടായിട്ടുമുണ്ട്.