കൊച്ചി: പ്രമുഖ ടെലികോം കമ്പനികളുടെ ഇസിം കാര്‍ഡ് ആക്ടിവേഷന് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ ആഭ്യന്തര മന്ത്രാലയത്തിന്റേയും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റേയും മുന്നറിയിപ്പ്. മൊബൈല്‍ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാര്‍ നിമിഷനേരം കൊണ്ട് കവരും എന്ന മുന്നറിയിപ്പാണ് ഉള്ളത്. നിലവില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ആ കോള്‍ തട്ടിപ്പാണ്…
ഇരയുടെ മൊബൈല്‍ നമ്പര്‍ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ വിളിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തന്ത്രപരമായി ഇസിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പി ക്കുകയും ഇസിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകുന്നു . ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇസിം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ഇതിന്റെ ഫലമായി കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിന്‍വലിക്കും.
ഇതു ശ്രദ്ധിക്കാം
ഇത്തരത്തിലുള്ള സൈബര്‍ ചതികളില്‍ വീഴാതിരിക്കാനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കണം. വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള ലിങ്കുകള്‍ മാത്രം തുറക്കുക. ഇസിം സേവനങ്ങള്‍ക്കായി സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ മാത്രം ഉപയോഗിക്കണം.
മൊബൈല്‍ നെറ്റ്വര്‍ക്ക് നഷ്ടമായാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പറ്റി ബോധവന്മാറായിരിക്കുക. അടിയന്തരമായും നിര്‍ബന്ധമായും ആവശ്യങ്ങള്‍ക്ക് പ്രതികരിക്കണമെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതില്‍ വീഴാതിരിക്കുക.
പരാതിപ്പെടാം
ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കുക.
- സ്വന്തം ലേഖിക