ആറിന് നൂറ്! പ്രായത്തിനും ഓര്‍മയ്ക്കും ആരോഗ്യത്തിനും വര്‍ക്കിച്ചേട്ടന് നൂറില്‍ നൂറ്; കണ്ണടയില്ലാതെ മുടങ്ങാതെ പത്രം വായിക്കുന്ന ശീലവും ഇന്നും തുടരുന്നു

VarkeyVarkeyഎരുമേലി: ഈ മാസം ആറിന് നൂറു വയസ് തികയും കനകപ്പലം നടുവത്ര എന്‍.സി. വര്‍ക്കിക്ക്. ചെറുപ്പത്തില്‍ ടൈഫോയ്ഡ് പിടിപെട്ടതൊഴിച്ചാല്‍ ഇതുവരെ ഒരു രോഗവും വര്‍ക്കിയെ ആക്രമിക്കാനെത്തിയിട്ടില്ല. കണ്ണടയില്ലാതെ മുടങ്ങാതെ പത്രം വായിക്കുന്ന ശീലവും ഇന്നും തുടരുന്നു.

സ്വാതന്ത്ര്യത്തിനായി രാജ്യത്ത് സമരങ്ങള്‍ നിറയുമ്പോഴായിരുന്നു വര്‍ക്കിയുടെ ബാല്യം. രാജ്യം സ്വതന്ത്രമാകുമ്പോള്‍ സന്ദേശം റേഡിയോയിലൂടെ കേട്ടതിന്റെ ഓര്‍മ ഇപ്പോഴും വര്‍ക്കിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ പടിയിറങ്ങിപ്പോകുന്ന കാഴ്ച കാണുമ്പോള്‍ 31 വയസായിരുന്നു പ്രായം. ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ പട്ടിണിയും ക്ഷാമവും അലയടിക്കുന്നത് കണ്ടറിഞ്ഞത് ഉള്‍പ്പെടെ ആദ്യമായി നാട്ടില്‍ വാഹനം വന്നതും ചരിത്ര സംഭവങ്ങളുമെല്ലാം ഒട്ടേറെയുണ്ട് അനുഭവങ്ങളായി വര്‍ക്കിയുടെ ഇന്നലെകളില്‍.

മണ്ണില്‍ പണിയെടുത്ത് കൃഷിയിലൂടെ നേടിയ മെയ്ക്കരുത്തും മനക്കരുത്തുമാണ് വര്‍ക്കിയിലെ ആരോഗ്യത്തിന്റെ പിന്‍ബലം. നൂറു വയസ് തികയുന്ന നാളെ മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമെല്ലാം എത്തുമെന്നറിയിച്ചിട്ടുണ്ട്. അവരെയെല്ലാം ഒന്നിച്ച് കാണാന്‍ കാത്തിരിക്കുന്നു അനുഭവങ്ങളുടെ കൊടുമുടി താണ്ടിയ ഈ മുത്തച്ഛന്‍.

1916 നവംബര്‍ ആറിനാണ് വര്‍ക്കിയുടെ ജനനം. അച്ഛന്‍ പരേതനായ എന്‍.വി. ചെറിയാന്‍ ചെറുവള്ളി എസ്‌റ്റേറ്റിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്നു. ഹാരിസണ്‍സ് ക്രോസ്ഫീല്‍ഡ് കമ്പനിയുടെ തോട്ടമായിരുന്നു അന്ന് എസ്‌റ്റേറ്റ്. നാലാം ക്ലാസ് മുതല്‍ കോട്ടയത്ത് താമസിച്ചാണ് പഠിച്ചതെന്നു പഴയ ഓര്‍മകളിലേക്കു കടന്നുചെന്ന് വര്‍ക്കി പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ നാട്ടിലേക്കു വരുന്നത് അച്ഛന്‍ ഏര്‍പ്പെടുത്തിയ സഹായികളുടെ തോളിലിരുന്നതാണ്. ഒരാള്‍ തോളിലിരുത്തി ചുമന്നുകൊണ്ട് നടക്കുമ്പോള്‍ മറ്റൊരാള്‍ പെട്ടിയുമായി ഒപ്പമുണ്ടാകും. വാഹനങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് കിലോമീറ്ററുകള്‍ താണ്ടുന്ന ആ യാത്രയ്ക്ക് ഒരു ദിവസത്തെ നീളമുണ്ട്. കോട്ടയം സ്വദേശിനി മറിയാമ്മയെ ജീവിതസഖിയാക്കി എട്ട് മക്കളുമായി കനകപ്പലത്ത് ജീവിതം തുടരുമ്പോള്‍ കൃഷിയായിരുന്നു ഉപജീവന മാര്‍ഗം. അറിയാവുന്ന എല്ലാ കൃഷികളും ചെയ്തു. ആ കൃഷിയുടെ കരുത്താണ് ഇന്നത്തെ ആരോഗ്യമെന്ന് പുഞ്ചിരിയോടെ വര്‍ക്കി പറഞ്ഞു.

മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞെങ്കിലും ഭാര്യയുടെ വേര്‍പാട് മായാത്ത വേദനയായി നിറഞ്ഞുനില്‍ക്കുന്നു. എട്ടു മക്കളില്‍ മൂത്തയാളായ പ്രകാശിനും കുടുംബത്തിനുമൊപ്പമാണ് വര്‍ക്കി.

ആദ്യ താക്കോല്‍ദ്വാര ശസ്ത്രക്രിയയും ഏറ്റവുമധികം മുട്ടുമാറ്റ ശസ്ത്രക്രിയയും നടത്തിയതിന്റെ ബഹുമതിയുള്ള ഡോ. പ്രസാദ് വര്‍ക്കി മകനാണ്. ലീലാമ്മ, ജോര്‍ജ് വര്‍ഗീസ്, സൂസന്‍, പുന്നൂസ്, നൈനാന്‍, മെര്‍ലിന്‍ എന്നിവരാണ് മറ്റു മക്കള്‍.

Related posts