എവ്ളോ വർഷവാനാലും ഇവ്ളോ അഴകാ ഇരിക്കരാങ്കെ, എവളോ നല്ലാ നടിക്കറേങ്കേ.. അഴക് എൻട്രാൽ അവൾ താൻ! ആരാധകർ വാതോരാതെ വാഴ്ത്തുന്ന പേരഴകി, അഴക് തേവദൈ, തമിഴകത്തെ താരറാണി… തൃഷ കൃഷ്ണൻ! തൃഷയുടെ നിലാമുഖത്തെ സിരിപ്പഴകിനെ പ്രശംസിച്ച് തുടങ്ങിയിട്ട് വർഷം കുറെയേറെയായി.
‘ഡ്രീംസ് കീപ് കമിങ് ട്രൂ’ എന്ന് കുറിച്ചാണ് മണി രത്നം-കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ താനുമുണ്ടെന്ന് തൃഷ ആരാധകരെ അറിയിച്ചത്. ഓഡിയോ ലോഞ്ച് വേദിയിൽ ചിമ്പുവിനെക്കുറിച്ച് വാചാലയായപ്പോൾ ‘വിണ്ണയ് താണ്ടി വരുവായ’ പെയർ ഈസ് ബാക്ക് എന്ന വിശ്വാസത്തിലായിരുന്നു പ്രേക്ഷകർ. പക്ഷേ , തൃഷ ഞെട്ടിച്ചു കളഞ്ഞു. സിനിമയുടെ ട്രെയ്ലർ വന്നതോടെ ചൂടുപിടിച്ച ചർച്ചയിലായി സോഷ്യൽ മീഡിയ. അഭിരാമിയും കമൽ ഹാസനുമായുള്ള ചുംബന രംഗം ചില പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞെങ്കിൽ മറ്റു ചിലരുടെ ശ്രദ്ധ പതിഞ്ഞത് തൃഷയിലേക്കാണ്. ചിമ്പുവിന് നായികയല്ല, മറിച്ച് കമൽ ഹാസന്റെ നായികയാണവർ. എല്ലാ മെയിൻ സ്ട്രീം പടത്തിലും ഫസ്റ്റ് ഓപ്ഷൻ ഹീറോയിൻ. ഇത്ര വർഷമായിട്ടും സ്റ്റിൽ ടോപ്പ് ഓൺ ബോർഡ്.
പാലക്കാട്ടുകാരായ അച്ഛനമ്മമാരുടെ മദ്രാസിൽ ജനിച്ചു വളർന്ന മകൾ. പതിനാറ് വയസ് മുതൽ തൃഷ മോഡലിങ് തുടങ്ങി. മോഡലിങ് ചെയ്യുന്ന ആദ്യ കാലത്ത് തന്നെയാണ് തൃഷ മിസ് സേലമായി തെരഞ്ഞെടുക്കപ്പെട്ടതും. പക്ഷേ, ഫൽഗുനി പഥക് ആൽബങ്ങൾ ഇന്ത്യയിൽ ഓളമുണ്ടാക്കിത്തുടങ്ങിയ കാലത്താണ് ആ മനത്തൈ കൊല്ലും അഴകിയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. അല്പം നാണം കലർന്ന ആരെയും മയക്കുന്ന ചിരിയും ആകാരവും, തിളങ്ങുന്ന കണ്ണുകൾ.. ജോഡിയിൽ തുടങ്ങി തഗ് ലൈഫ് വരെ നീണ്ടുനിൽക്കുന്ന കരിയറിനൊപ്പം അധികമൊന്നും ആരാധകരെ അറിയിക്കാത്ത വ്യക്തി ജീവിതവും. അതേസമയം ഒരുകാലത്തും തൃഷ നായികയായ ഗോസിപ്പുകൾക്ക് പഞ്ഞമുണ്ടായിട്ടില്ല.