ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം മുന്നേറുമ്പോൾ ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്തു തുടരാനാണ് എല്ലാ സാധ്യതയും. നിലവിൽ സെക്രട്ടറി സ്ഥാനം ഉന്നമിട്ടുകൊണ്ടുള്ള നീക്കം പാർട്ടിയിൽ ഇല്ല. എന്നാൽ, പാർട്ടിയുടെ നിയന്ത്രണം കൈയാളാനുള്ള അണിയറ നീക്കം ശക്തമാണു താനും.
സംസ്ഥാന കൗൺസിലിൽ ആധിപത്യം ഉറപ്പിക്കാനാണ് ഈ കരുനീക്കങ്ങൾ. കൗൺസിലിൽ ഭൂരിപക്ഷം നേടിയാൽ പിന്നീടു നടക്കുന്ന നിർവാഹക സമിതിയുടെയും അസി.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കും. പാർട്ടിയുടെ നിയന്ത്രണം ചൊൽപ്പടിയിലാകും.
താൻ ഐക്യത്തിന്റെ പതാകാവാഹകനാകുമെന്ന സൂചന ബിനോയ് പാർട്ടിക്കു നൽകിക്കഴിഞ്ഞു. ബിനോയിക്കൊപ്പം നിൽക്കുന്ന ദേശീയ നിർവാഹകസമിതി അംഗം പി. സന്തോഷ് കുമാർ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ എന്നിവർ കാനം പക്ഷത്തിനു വേണ്ടിയും ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ്ബാബു, അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ അപ്പുറത്തുംനിന്നു കൊണ്ടുള്ള പടനീക്കങ്ങൾ അണിയറയിൽ ശക്തം. കെ.ഇ. ഇസ്മായിലിന്റെ ഇന്നലത്തെ സമൂഹമാധ്യമക്കുറിപ്പ് കാനം വിരുദ്ധർക്കുള്ള ആഹ്വാനം കൂടിയാണ്.
വിഭാഗീയതയുമായി ആലപ്പുഴയ്ക്കു വണ്ടി കയറാൻ ഒരുങ്ങേണ്ട എന്ന താക്കീതാണ് അദ്ദേഹം പാർട്ടി യോഗങ്ങളിൽ ആവർത്തിച്ചു നൽകുന്നത്.മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരുടെ പിന്തുണയോടെയാണു സംസ്ഥാന സെക്രട്ടറി ആയതെങ്കിലും ശേഷം മറുവിഭാഗവുമായും അനുനയത്തിൽ പോകാനാണ് അദ്ദേഹം ശ്രമിച്ചത്.
എന്നാൽ കാനം പക്ഷവും കാനം വിരുദ്ധ പക്ഷവും പഴയതു പോലെ പാർട്ടിക്കകത്തു സജീവമാണ്. ബിനോയിക്കു പകരം കെ.പ്രകാശ് ബാബു സെക്രട്ടറി സ്ഥാനത്തേക്കു വരണമെന്ന അഭിപ്രായം അടുപ്പക്കാരോട് ഇസ്മായിൽ പങ്കുവച്ചിട്ടുണ്ടെങ്കിലും മത്സരം സംഘടിപ്പിച്ചു സമ്മേളനം പ്രതിസന്ധിയിലാക്കാൻ ഇല്ലെന്നാണ് പ്രകാശ് ബാബുവിന്റെ നിലപാട്.