പൊൻകുന്നം: ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമി സദ്യയ്ക്കുള്ള പാളത്തൈര് ഇന്നു സമർപ്പിക്കും. നാളെ അഷ്ടമിരോഹിണി നാളിൽ ഭക്തർക്കു വിളമ്പുന്ന സദ്യയിലെ പ്രധാന വിഭവമാണ് പാളത്തൈര്.ഇന്നലെ വാഴൂർ തീർഥപാദാശ്രമത്തിൽ 1,500 ലിറ്റർ തൈരിനുള്ള പാലിൽ ഉറയൊഴിക്കൽ ആശ്രമകാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരുടെ കാർമികത്വത്തിൽ നടത്തി.
ആശ്രമത്തിലെ ഗോശാലയിലെ പാൽ ഉപയോഗിച്ചുള്ള തൈരും ചേനപ്പാടിയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈരുമാണ് ആറന്മുളയിൽ എത്തിക്കുന്നത്. പൂർവികർ പാളപ്പാത്രങ്ങളിൽ തൈര് കൊണ്ടുപോയി ഭഗവാനു സമർപ്പിച്ചിരുന്നതിനാലാണ് പാളത്തൈര് എന്നറിയപ്പെടുന്നത്. പൂർവികരുടെ രീതിയിൽ പാളപ്പാത്രങ്ങളിലും തൈര് എത്തിക്കുന്നുണ്ട്.
വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ പാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായി തൈര് സമർപ്പണത്തിന് ഇന്നു രാവിലെ പുറപ്പെടും. പുലർച്ചെ ചേനപ്പാടിയിലെ ഇളങ്കാവ് ഭഗവതി ക്ഷേത്രം, ധർമശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭഗവതിക്ഷേത്രം, അഞ്ചുകുഴി പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തും.
ചേനപ്പാടി എസ്എൻഡിപി യോഗം ശാഖ, പരുന്തന്മല ശ്രീദേവിവിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജനസമിതി എന്നിവയുടെയും സഹകരണത്തോടെ പ്രത്യേകം അലങ്കരിച്ച് തയാറാക്കിയ വാഹനത്തിൽ തീർഥപാദാശ്രമത്തിൽനിന്ന് തൈര് ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്ര സന്നിധിയിലെത്തിക്കും. തുടർന്നു രാവിലെ ഒന്പതിന് ഇവിടെനിന്നു നാമസങ്കീർത്തന ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിലേക്കു പുറപ്പെടും.
എരുമേലി പോലീസ് എസ്എച്ച്ഒ ഇ.ഡി. ബിജു ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പാർഥസാരഥി ക്ഷേത്രനടയിൽ തൈര് സമർപ്പണം നടത്തും. ഘോഷയാത്രയെ പാർഥസാരഥി പള്ളിയോട സമിതിയുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് പാടി സ്വീകരിക്കും.