ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയാണ് പ്രിയ പ്രകാശ് വാര്യരെ സോഷ്യൽമീഡിയ സെൻസേഷനും വൈറൽ ഗേളുമാക്കി മാറ്റിയത്. സിനിമയിലെ കണ്ണിറുക്കൽ സീൻ വൻ ഹിറ്റായതോടെ പ്രിയയും ഹിറ്റായി. പിന്നീട് മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്തിന് ബോളിവുഡിൽ നിന്നു പോലും അവസരങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ തന്റെ ആദ്യ സിനിമയുടെ സംവിധായകൻ ഒമറുമായി നടി സ്വരച്ചേർച്ചയിലല്ല.
അഡാർ ലൗ എന്ന സിനിമയ്ക്കുശേഷം ഇരുവരും എവിടേയും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയോ പ്രോജക്ടുകളിൽ വർക്ക് ചെയ്യുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. മാത്രമല്ല നടിയെ പരിഹസിക്കുന്ന രീതിയിലും വന്ന വഴി മറക്കുന്നയാളെന്ന രീതിയിൽ മുദ്ര കുത്തുന്ന തരത്തിലും സോഷ്യൽമീഡിയ പോസ്റ്റുകൾ ഒമറിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ആദ്യമായി അവസരം തന്നവരുമായുള്ള പിണക്കം മാറ്റാൻ ശ്രമിക്കാത്തതെന്താണെന്ന ചോദ്യത്തിന് പ്രിയ വാര്യർ മറുപടി പറയുകയാണിപ്പോൾ. പുറത്തുള്ള ആളുകൾക്ക് കാര്യങ്ങൾ എന്താണെന്ന് അറിയില്ലെന്നും തനിക്ക് തന്റേതായ കാരണങ്ങളുണ്ടെന്നും ഒരഭിമുഖത്തിൽ പ്രിയ പറയുന്നു. എനിക്ക് പേഴ്സണലി യാതൊരു പ്രശ്നങ്ങളുമില്ലാത്ത ആളുകൾ ഇപ്പോഴും എന്റെ ലൈഫിലുണ്ട്. മാറ്റാൻ പറ്റുന്ന പിണക്കങ്ങൾ മാറ്റിയിട്ടുമുണ്ട്. പിന്നെ പോയവരൊക്കെ പൊക്കോട്ടെ.
അത് പോയതു നന്നായി. പോയതിന് അതിന്റേതായ കാരണങ്ങളുമുണ്ട്. എനിക്ക് ആദ്യം അവസരം തന്നവരോടുള്ള ബഹുമാനവും ഗ്രാറ്റിറ്റ്യൂഡും അതുപോലെ ഞാൻ മെയിന്റൈൻ ചെയ്യുന്നുണ്ട്. പുറത്തുള്ള ആളുകൾക്ക് കാര്യങ്ങൾ എന്താണെന്ന് അറിയില്ല. അതുകൊണ്ടുതന്നെ കമന്റുകൾ പറയാൻ എളുപ്പമാണ്.
അതുപോലെ അപ്പുറത്തു നിൽക്കുന്ന പാർട്ടി എരിതീയിൽ എണ്ണയൊഴിക്കുക എന്നതുപോലെ എല്ലാ വർഷവും ഒരോന്നു സംഭാവന ചെയ്യുന്നുണ്ട്. എനിക്ക് മാക്സിമം ചെയ്യാൻ പറ്റുന്നത് എന്റെ ഡിഗ്നിറ്റി കളയാതിരിക്കുക എന്നതും അവരുടെ വിഷയങ്ങളിൽ എൻഗേജാവാതിരിക്കുക എന്നതുമാണ്. അന്നും ഇന്നും സൈലൻസാണ് എന്റെ മറുപടി. എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ആരുടേയും പേരു പറഞ്ഞ് കരിവാരി തേയ്ക്കണമെന്ന് എനിക്കില്ല- പ്രിയ പറയുന്നു.
ഒരു രാത്രികൊണ്ട് സങ്കൽപിക്കാൻ കഴിയാത്ത ഫെയിം വന്ന് ചേർന്നപ്പോഴുള്ള മനോഭാവം എന്തായിരുന്നുവെന്നും നടി വെളിപ്പെടുത്തി. തുരുതുരാ ഫോൺ വരുന്നുണ്ടായിരുന്നു. ഇന്റർവ്യൂ ചോദിച്ച് വിളികൾ വരുന്നു. ഞാൻ കോളേജ് വിട്ട് വരുമ്പോൾ ഒന്ന്, രണ്ട് ഗ്രൂപ്പ് ഫ്ലാറ്റിന് അടിയിൽ കാത്തുനിൽക്കുന്നുണ്ടാവും. എങ്ങനെ അറിഞ്ഞു, എവിടെ നിന്ന് വരുന്നുവെന്നൊന്നും അറിയില്ല. ക്ലാസ് കഴിഞ്ഞു വന്ന് അതേ യൂണിഫോമിൽ വരെ ഇന്റർവ്യൂസ് കൊടുത്തിട്ടുണ്ട്.
ആ ഒരു സമയം ഞാൻ എൻജോയ് ചെയ്തിട്ടില്ല. കാരണം ആരൊക്കെയോ നിർദേശങ്ങൾ തരും. അതു നമ്മൾ ഫോളോ ചെയ്യും. അതായിരുന്നു അവസ്ഥ. അന്നത്തെ ഫെയിം എങ്ങനെയായിരുന്നു യൂസ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ആദ്യത്തെ സിനിമയാണ്. ആ ഫെയിം ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിക്കാൻ അവസരം കിട്ടിയിട്ടില്ല. പെട്ടെന്നുള്ള ഫെയിമായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് ഫെയിം വന്നപ്പോഴും അത് പിന്നീട് താഴ്ന്നപ്പോഴും എന്റെ ലക്ഷ്യത്തിന് സ്ഥിരതയുണ്ടായിരുന്നു. നല്ല സിനിമകളിൽ അഭിനയിക്കണം പെർഫോമർ എന്ന രീതിയിൽ അറിയപ്പെടണം അതായിരുന്നു എന്റെ ലക്ഷ്യം. അതിനുവേണ്ടി പണിയെടുക്കാനാണണു ശ്രമിച്ചത് എന്ന് പ്രിയ കൂട്ടിച്ചേർത്തു.