പാലക്കാട്: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും രാഹുലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ.രാഹുൽ മാങ്കൂട്ടത്തിലിനെ കാണുന്പോൾ വഴിമാറിപ്പോകേണ്ടതില്ലെന്നും സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല.
പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നത്. രാഹുൽ വന്നില്ലെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ വന്നല്ലോയെന്നും തങ്കപ്പൻ ചോദിച്ചു. എന്നാൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ സഹകരിക്കില്ലെന്നും എ തങ്കപ്പൻ വ്യക്തമാക്കി.
രാഹുൽ മണ്ഡലത്തിൽ എത്തിയതിനു ശേഷം വിളിച്ചിരുന്നു. അല്ലാതെ മുൻപേ ഡിസിസി പ്രസിഡന്റിനെ അറിയിച്ച് മണ്ഡലത്തിൽ എത്തേണ്ട ആവശ്യം രാഹുലിനില്ല. കോണ്ഗ്രസുകാർ മിണ്ടുന്നു ചിരിക്കുന്നു എന്ന് പറഞ്ഞു പ്രശ്നമുണ്ടാകേണ്ട ആവശ്യമില്ല.രാഹുൽ എംഎൽഎ ആണ്. അയാളുടെ സഞ്ചാര സ്വാതന്ത്രത്തെ തടയാൻ പാർട്ടിക്ക് കഴിയില്ല.
പരിചയമുള്ളവവർ കണ്ടാൽ ചിരിക്കുന്നത് സ്വാഭാവികം. അതിനപ്പുറം ഒരു പിന്തുണയും നൽകിയിട്ടില്ല. രാഹുൽ മണ്ഡലത്തിൽ പോകുന്നതാണ് ഉചിതമെന്ന് നേതാക്കൾ അറിയിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഉൗര് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും രാഹുലിനെ കാണുന്പോൾ പരിചയമുള്ളവർ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യുമെന്നും തങ്കപ്പൻ പറഞ്ഞു.. രാഹുലിന് യാതൊരു സ്വീകരണവും നൽകിയിട്ടില്ല. കെപിസിസി തീരുമാനമാണ് ഡിസിസിയുടേതെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.