കോട്ടയം: പോക്കറ്റടിക്കാരും സാമൂഹിക വിരുദ്ധരും യാചകരും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും വിഹരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന പലരുടെയും പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടു. പണം നഷ്ടമായ പലരും സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തി വിവരമറിയിച്ചിരുന്നു. എന്നാല്‍ കോട്ടയം വെസ്റ്റ് പോലീസ് സറ്റേഷനിലെത്തി പരാതി നല്‍കാനാണ് പലര്‍ക്കും നല്കുന്ന നിര്‍ദേശം. നിരവധി സ്ത്രീകളുടെ ഹാന്‍ഡ് ബാഗുകളില്‍നിന്നു പഴ്സും മൊബൈല്‍ ഫോണുകളും നഷ്ടമായിട്ടുണ്ട്.
സ്റ്റാന്‍ഡിനുള്ളിലെ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായി സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘവും സജീവമാണ്. കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷണം നടത്താന്‍ ശ്രമിച്ചയാളെ മറ്റൊരു യാത്രക്കാരന് കാണുകയും തുടര്‍ന്നു ബഹളമുണ്ടാക്കി മറ്റുള്ള യാത്രക്കാരെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും അറിയിച്ചു പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു.
വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങള്‍ക്കു മുമ്പുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ വന്‍തിരക്കാണ് സ്റ്റാന്‍ഡില്‍ അനുഭവപ്പെടുന്നത്. ഈ സമയങ്ങളിലാണു പോക്കറ്റടി കൂടുതലായും നടക്കുന്നത്. സന്ധ്യാകഴിഞ്ഞാല് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ഇരുചക്ര പാര്‍ക്കിംഗ് ഭാഗത്തും ശുചിമുറി ഭാഗങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്.
സന്ധ്യാസമയങ്ങളില്‍ തിയേറ്റര്‍ റോഡിലും വലിയ തോതില്‍ സാമൂഹിക വിരുദ്ധരും ലഹരി മാഫിയ സംഘങ്ങളും അനാശാസ്യ പ്രവര്‍ത്തരും തമ്പടിക്കുന്നുണ്ട്. പലപ്പോഴും ഇവിടങ്ങളില്‍ മദ്യപാനികള്‍ തമ്മില്‍ തല്ലുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും പതിവാണ്.യാത്രക്കാര്‍ വിവരമറിയിച്ചു പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെടുകയും ചെയ്യും.
സന്ധ്യാസമയങ്ങളില്‍ സ്റ്റാന്‍ഡില്‍ പോലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും സാമൂഹിക വിരുദ്ധരെയും പോക്കറ്റടിക്കാരെയും കണ്ടില്ലെന്നു നടിക്കുകയാണെന്നും പരാതിയുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ സാമൂഹിക വിരുദ്ധരും മദ്യപാനികളും സ്റ്റാന്‍ഡിനുള്ളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അടിയന്തരമായി സ്റ്റാന്‍ഡിനുള്ളിലെ പോക്കറ്റടിക്കാരെയും സാമൂഹിക വിരുദ്ധരെയും അമര്‍ച്ച ചെയ്യാന്‍ പോലീസ് നടപടി സ്വീകരിക്കമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.