വാഷിംഗ്ടൺ ഡിസി: മരുന്നുകൾക്ക് നൂറു ശതമാനം വരെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പ്രഖ്യാപനം ഇന്ത്യൻ ഫാർമ കയറ്റുമതിക്കു വൻ തിരിച്ചടിയാകും. അടുക്കള കാബിനറ്റുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കും തീരുവ നൂറു ശതമാനമാക്കി.
“കമ്പനികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്ലാന്റുകൾ നിർമിക്കുന്നില്ലെങ്കിൽ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് നൂറു ശതമാനം ഇറക്കുമതി നികുതി ചുമത്തും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം, ഒരു ഇളവുകളുമില്ല.’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ഒക്ടോബർ ഒന്നു മുതൽ തീരുവ നടപ്പാക്കും. അടുക്കള കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനം നികുതിയും അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും നികുതി ചുമത്താനാണു തീരുമാനം.
അമേരിക്കൻ കന്പനികളുടെ നിലനിൽപ്പാണ് പ്രധാനം. വിദേശ നിർമാതാക്കൾ തങ്ങളുടെ കന്പനികളെ ദുർബലമാക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഹെവി ട്രക്കുകളും അനുബന്ധ ഭാഗങ്ങളും ഫർണിച്ചറുകളും കാബിനറ്റുകളും രാജ്യത്തേക്ക് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നു.
ഇത് യുഎസ് നിർമാതാക്കളെ തകർക്കുന്നു. ദേശീയ സുരക്ഷയ്ക്കു തീരുവ ആവശ്യമാണ്’ ട്രംപ് പറഞ്ഞു. ഇറക്കുമതി തീരുവകൾ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനു സഹായിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. അതേസമയം, ഈ തന്ത്രം പണപ്പെരുപ്പം വഷളാക്കുമെന്നും വളർച്ചയെ തടസപ്പെടുത്തുമെന്നും വിമർശകരുടെ മുന്നറിയിപ്പുണ്ട്. എന്നാൽ, വിമർശനങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു.