ബംഗളൂരു: കർണാടക ഗോകർണ രാമതീർഥ മലയിലെ ഗുഹയിൽ കുട്ടികളുമായി താമസിക്കുകയായിരുന്ന റഷ്യൻ യുവതിയെ തിരിച്ചയയ്ക്കാനുള്ള നടപടി തുടങ്ങി. റഷ്യൻ സ്വദേശിയായ നീന കുടിനയെയും ആറും നാലും വയസുള്ള രണ്ടു കുട്ടികളെയുമാണ് തിരിച്ചയയ്ക്കുന്നത്.
കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു നടപടി. റഷ്യയിലേക്കു മടങ്ങാനുള്ള യുവതിയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. യുവതിക്ക് ആവശ്യമായ രേഖകൾ നൽകാൻ കേന്ദ്രസർക്കാരിനോടു നിർദ്ദേശിച്ചു.
ഉത്തര കന്നഡയിലെ ഗോകർണ കടൽത്തീരത്ത് രാമതീർഥത്തിനടുത്തു സമീപം കുന്നിൻ മുകളിലുള്ള ഗുഹയിൽ രണ്ടു കുട്ടികളോടൊപ്പം താമസിക്കുമ്പോഴാണ് റഷ്യൻ യുവതിയെയും കുട്ടികളെയും പോലീസ് കണ്ടെത്തുന്നത്. തുടർന്ന്, പോലീസ് ഇവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
പട്രോളിംഗിനിടയിൽ, ഗുഹയ്ക്കു പുറത്തു വസ്ത്രങ്ങൾ കണ്ടെത്തുകയും ഒരു കുട്ടി ഗുഹയ്ക്കു മുന്നിൽ ഓടിക്കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാണ് പോലീസ് എത്തിയത്. അവിടെയെത്തിയപ്പോഴാണ് രണ്ടു കുട്ടികളോടൊപ്പം താമസിക്കുന്ന റഷ്യൻ യുവതിയെ കാണുന്നത്. പൂർണമായും ഇരുണ്ട ഗുഹയാണിത്. മലമുകളിൽ വിഷപ്പാന്പുകളുടെ വൻ സാന്നിധ്യമുണ്ട്. ട്രെക്കിംഗ് നിരോധിച്ച മേഖലകൂടിയാണിതെന്ന് പോലീസ് പറഞ്ഞു.