തൃശൂർ: പണത്തിന്റെയും ലാഭത്തിന്റെയും ലോകത്ത്, കാരുണ്യത്തിന്റെ കരസ്പർശംമാത്രം ആശ്രയിച്ച് മറ്റുള്ളവർക്കായി ജീവിക്കുന്ന ഒരു കുടുംബം, അതാണ് മുളങ്കുന്നത്തുകാവിൽ മീൻകച്ചവടം നടത്തുന്ന ബാബുവും കുടുംബവും .കച്ചവടത്തിനായി കടംവാങ്ങിയും ലോണെടുത്തും വീട്ടുചെലവുകൾ തീർത്ത് ജീവിക്കുന്ന ബാബുവും കുടുംബവും കഴിഞ്ഞ നാലുമാസമായി ഒരു അപൂർവസേവനത്തിനു തുടക്കംകുറിച്ചിരിക്കുകയാണ്.
കാൻസർ രോഗികൾക്ക് സൗജന്യമായി മീൻ നൽകുന്ന ബാബുവിന്റെയും കുടുംബത്തിന്റെയും കാരുണ്യപ്രവൃത്തി സമൂഹത്തിനു വലിയൊരു സന്ദേശമാവുന്നു.ആശുപത്രിയിൽനിന്നു ലഭിക്കുന്ന രോഗിയുടെ തിരിച്ചറിയൽ കാർഡ് മാത്രം കാണിച്ചാൽ മതി, അരക്കിലോ മീൻ സൗജന്യം.
സ്ഥിരമായി വരുന്ന രോഗികളും കുടുംബങ്ങളും ബാബുവിനോടു നന്ദിപറയുന്പോൾ, ഒരു പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ മറുപടി.തനിക്കു വേണ്ടപ്പെട്ട ഒരാൾക്കു കാൻസർ ബാധിച്ചപ്പോൾ മരുന്നുകളുടെ അമിതച്ചെലവും കുടുംബത്തിന്റെ വേദനയും നേരിൽ കണ്ടു. ഒരു രോഗത്തിന്റെ ഭാരവും സാന്പത്തികബാധ്യതയും ഒരുപോലെ കഷ്ടപ്പെടുത്തുന്നത് അന്നു തിരിച്ചറിഞ്ഞു. അതിനുശേഷമാണ് ഈ തീരുമാനമെന്നു ബാബു പറഞ്ഞു. ഭാര്യ പെൻസിയും അമ്മച്ചി ലൂസിയും മുഴുവൻ മനസോടെ പിന്തുണച്ചു.
തട്ടിപ്പിനു സാധ്യതയുണ്ടെന്ന ചിലരുടെ അഭിപ്രായം കേട്ടിട്ടും ബാബു പിന്നോട്ടുപോയില്ല. ഇതുവരെ ആരും ദുരുപയോഗം ചെയ്തിട്ടില്ല. മെഡിക്കൽ കോളജിൽ പോയിവരുന്നവർ ബോർഡ് കണ്ടു കടയിൽ എത്താറുണ്ട്. അവരെ സഹായിക്കാനാകുന്പോൾ അതാണ് വലിയ സന്തോഷമെന്നു ബാബു പറഞ്ഞു.
ഒരുകാലത്തു വാടകവീട്ടിൽ താമസിച്ചും ഫുട്പാത്തിൽ മീൻ കച്ചവടംചെയ്തും കുടുംബം പോറ്റിയിരുന്ന ബാബു, ഇന്നു സ്വന്തം വീടും കടയും നേടിയിട്ടും ജീവിതത്തിൽ കണ്ട കഷ്ടപ്പാടുകൾ മറന്നിട്ടില്ല. വിശപ്പിന്റെ വേദന സഹിക്കാൻ പറ്റില്ല – കുട്ടിക്കാലംമുതൽ കേട്ടിട്ടുള്ള പിതാവ് ജോർജിന്റെ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ടെന്നു ബാബു.
മുളങ്കുന്നത്തുകാവ് അന്പലത്തിനു സമീപമുള്ള വീടിനോടു ചേർന്നു നടത്തുന്ന മൽപ്പാൻ ഫിഷ് സ്റ്റാൾ എന്ന കടയിൽ ബാബുവിനും പെൻസിക്കും ഒപ്പം മക്കൾ അലൈനയും അഷ്വനും കൂടെക്കൂടാറുണ്ട്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞു 3.30 മുതൽ രാത്രി ഒന്പതുവരെയുമാണ് കട പ്രവർത്തിക്കുന്നത്.
- സി.ജി. ജിജാസൽ