ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം നിലംപൊത്തിയിട്ട് മൂന്നുമാസം. അതേസമയം കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് നടപടിയായില്ല. ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 14, 11 വാര്‍ഡുകളുടെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണത്. ശുചിമുറി ഭാഗത്ത് അകപ്പെട്ട തലയോലപ്പറമ്പ് സ്വദേശനി ബിന്ദു മരണപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ വാര്‍ഡുകള്‍ പുതിയ സര്‍ജറി കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഓപ്പറേഷന് തീയേറ്റര്‍, എക്സറേ വിഭാഗം തുടങ്ങിയവയും മാറ്റി. എന്നാല്‍ കാലപ്പഴക്കം ചെന്ന ഈ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ആലോചനയുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല.
കെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും ഡിഎംഇയും ഗാന്ധിനഗര്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതരുമാണ് തീരുമാനമെടുക്കേണ്ടത്. ആരോഗ്യ വകുപ്പ് അന്തിമ തീരുമാനമെടുത്താല്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗം നടപ്പാക്കും. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധനകള്‍ നടന്നിരുന്നു. അതേസമയം കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാത്തതില്‍ രോഗികളും ആശുപത്രി ജീവനക്കാരും ഭീതിയിലാണ്. പല കാര്യങ്ങള്‍ക്കും രോഗികളും ജീവനക്കാരും ഈ കെട്ടിടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇനിയും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞു വീണാല്‍ അപകടം ചെറുതായിരിക്കില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് കെട്ടിടം പൊളിച്ചു നീക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.