കോട്ടയം: രാസവളങ്ങളുടെ ലഭ്യത കുറഞ്ഞു, വിലയിലും വര്‍ധന. മിക്കയിനം രാസവളത്തിനും 250 മുതല്‍ 300 രൂപവരെയാണു കൂടിയത്. യൂറിയ, പൊട്ടാഷ്, അമോണിയ, ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്), കോംപ്ലക്സ് വളങ്ങള്‍ എന്നിവയ്ക്ക് വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണു വിലവര്‍ധനയ്ക്കും ക്ഷാമത്തിനും പ്രധാന കാരണം.
മുന്‍പ് 1450 രൂപയ്ക്കു കിട്ടിയിരുന്ന 10:26:26 കൂട്ടു വളത്തിന് 1850 രൂപയായി ഉയര്‍ന്നു. കിലോയ്ക്ക് 1500 രൂപയായിരുന്ന പൊട്ടാഷിനു 1800 രൂപയായി. തുക ഉയര്‍ത്തിയതിനു പുറമെ ഡിപ്പോകളില്‍ വളം എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവ് വളംകമ്പനികള്‍ നല്‍കാത്തതും വ്യാപാരികളെ വലയ്ക്കുന്നു.
രാസവളങ്ങളുടെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ കുറച്ചതും വില വര്‍ധിക്കാന്‍ കാരണമായി. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പൊട്ടാഷിന് ചാക്കിന് 250 രൂപയാണു കൂട്ടിയത്. യൂറിയ കടകളില്‍ ലഭ്യമല്ല.
ഫാക്ടം ഫോസിന് അടുത്തയിടെ രണ്ടുതവണ വില കൂടി. 1,400 രൂപയായിരുന്നത് 1,425 ആയി. അടുത്തിടെയാണ് 1,300-ല്‍ നിന്ന് 1,400 ആയി ഉയര്‍ത്തിയത്. ഫാക്ടം ഫോസിന് പകരം കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന ഇഫ്കോ 20:20:0:13-ന് 1,300 രൂപ 1,350 ആയി.