മോസ്കോ: ഇന്ത്യ-റഷ്യ എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രൂക്ഷമായി വിമർശിച്ചു.
ഇത്തരം ആവശ്യങ്ങൾക്ക് ഇന്ത്യ ഒരിക്കലും വഴങ്ങില്ലെന്നും ഇത് അമേരിക്കയ്ക്കു തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും പുടിൻ നൽകി. ദക്ഷിണ റഷ്യയിലെ സോച്ചിയിൽ ഇന്ത്യയുൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാൽഡായ് ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു റഷ്യൻ പ്രസിഡന്റ്.
ഇന്ത്യയും റഷ്യയും പ്രത്യേകബന്ധം പങ്കിടുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ പുടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവാണെന്നും പ്രശംസിച്ചു. റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനു പിന്നിൽ സാമ്പത്തികതാത്പര്യങ്ങൾ മാത്രമാണുള്ളത്. ഇതിനു രാഷ്ട്രീയമാനങ്ങളില്ലെന്നും പുടിൻ വ്യക്തമാക്കി.
ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ആരുടെയും അപമാനം അനുവദിക്കില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരിക്കലും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ല. യുഎസ് ശിക്ഷാതീരുവകൾ കാരണം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടും.
കൂടാതെ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ അന്തസ് നേടുമെന്നും പുടിൻ പറഞ്ഞു. വ്യാപാര പങ്കാളികൾക്ക് ഉയർന്ന താരിഫ് ആഗോള വിലകൾ ഉയർത്തുമെന്നും യുഎസ് ഫെഡറൽ റിസർവിനെ പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്താൻ നിർബന്ധിതരാക്കുമെന്നും പുടിൻ അഭിപ്രായപ്പെട്ടു.
യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍, യുക്രെയ്ൻ യുദ്ധത്തിന്റെ “പ്രാഥമിക ധനസഹായം’ ചൈനയും ഇന്ത്യയും ആണെന്ന് ഡൊണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന. റഷ്യന്‍ എണ്ണ വാങ്ങിയതിനുള്ള ശിക്ഷയായി ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയ യുഎസ്, ഓഗസ്റ്റില്‍ ഇന്ത്യന്‍ കയറ്റുമതിയുടെ മൊത്തം നികുതി 50 ശതമാനമായി ഉയര്‍ത്തി.