കൊച്ചി: കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ (കെ- ടിക്) പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളായത് 201 വനിതകള്‍. ഇവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കുക വഴി 11 പേരാണ് സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിച്ചത്.
കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ തദ്ദേശീയരായ പട്ടികവര്‍ഗ മേഖലയിലെ യുവതി യുവാക്കള്‍ക്ക് ഉപജീവന വികസനം സാധ്യമാക്കി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീ ട്രൈബല്‍ എന്റർപ്രൈസസ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍( കെ – ടിക്) വഴി ലക്ഷ്യമിടുന്നത്.
സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സ്ഥായിഭാവത്തോടെ അവ കൊണ്ടുപോകുന്നതിന് വൈദഗ്ധ്യ പരിശീലനം നല്‍കുക വഴി യുവതി യുവാക്കളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംരംഭകര്‍ക്ക് ആവശ്യമായ ബിസിനസ് പരിജ്ഞാനം, സമാന സ്വഭാവമുള്ള സംരംഭങ്ങളെയോ സംരംഭകരെയോ നേരില്‍ കണ്ട് അനുഭവമാര്ജ്ജിക്കാനുള്ള അവസരം ഒരുക്കല്‍, സാമ്പത്തികസഹായം ലഭ്യമാക്കല്‍, വിദഗ്ധരുടെ മെന്ററിംഗ് പിന്തുണ ഉറപ്പാക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
വനിതാ ഗുണഭോക്താക്കള്‍ കൂടുതല്‍ ഉളളത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ നിന്ന് 31 പേരാണ് കെ – ടിക്കിന്റെ ഭാഗമായത്. 22 വനിതാ സംരംഭകരുമായി പാലക്കാട് ജില്ലയും 20 ഗുണഭോക്താക്കളുമായി കൊല്ലം ജില്ലയും തൊട്ടുപിന്നാലെയുണ്ട്. 16 പേരാണ് എറണാകുളം ജില്ലയില്‍ നിന്ന് ഗുണഭോക്താക്കളായിട്ടുള്ളത്.
കോട്ടയം- 18, ആലപ്പുഴ, കണ്ണൂര്‍ – 14, പത്തനംതിട്ട- 13, മലപ്പുറം, ഇടുക്കി – 12, കോഴിക്കോട്-10, വയനാട്- 8, തൃശൂര്‍- 7, കാസര്‍ഗോഡ്- നാല് എന്നിങ്ങനെയാണ് മറ്റ് വനിത ഗുണഭോക്താക്കളുടെ എണ്ണം.കെ – ടിക് പദ്ധതിയുടെ പ്രാഥമിക നടത്തിപ്പില്‍ മൂന്ന് ഘട്ടങ്ങളിലായി ഗുണഭോക്താക്കള്‍ക്ക് ജില്ലകളില്‍ വിശദമായ പരിശീലനം നല്‍കിയിരുന്നു.
സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തന രീതിയും വിപണനവും മനസിലാക്കുന്നതിനായി മാതൃ ജില്ലയിലും മറ്റ് ജില്ലകളിലുമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, കുടുംബശ്രീ ഇതര സൂക്ഷ്മ സംരംഭങ്ങളുടെ ഫീല്‍ഡ് സന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു. കെ- ടിക് പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ച്ചയായുള്ള പരിശീലനവും, ഫീല്‍ഡ് ആവശ്യാനുസരണം സന്ദര്‍ശനവും നടത്തി വരുന്നുമുണ്ട്.
- സീമ മോഹന്‍ലാല്‍